സമ്പൂര്‍ണ ആധിപത്യം! സിഡ്‌നിയിലെ ഉയര്‍ന്ന റണ്‍ ചേസ് ഓസ്‌ട്രേലിയയുടെ പേരില്‍; പിന്തുടര്‍ന്ന് ജയിച്ചത് 26 തവണ
2006 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 287 റണ്‍സ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു.
സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. പേസര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ രണ്ട് ദിവസത്തിനിടെ 26 വിക്കറ്റുകളാണ് വീണത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തിട്ടുണ്ട്. നാല് വിക്കറ്റ് ശേഷിക്കെ 145 റണ്‍സിന് ലീഡ്. 33 പന്തില്‍ 61 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയെ മാന്യമായ ലീഡിലേക്ക് നയിച്ചത്. ഇന്ത്യ നാലിന് 78 എന്ന നിലയില്‍ തകര്‍ച്ച നേരിടുമ്പോഴാണ് പന്ത് വേഗത്തില്‍ കുറച്ച് റണ്‍സ് കൂട്ടിചേര്‍ത്തത്.
എന്നാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. പന്തിന്റെ ഇന്നിംഗ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ അവസ്ഥ ദയനീയമായേനെ. രവീന്ദ്ര ജഡേജ (8), വാഷിംഗ്ടണ്‍ സുന്ദര്‍ (6) എന്നിവരാണ് ക്രീസില്‍. ഇനി എത്രത്തോളം റണ്‍സ് കൂട്ടിചേര്‍ക്കാന്‍ സാധിക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം. പിച്ചിന്റെ സ്വഭാവമനുസരിച്ച് ഇരു ടീമുകള്‍ക്കും വിജയ സാധ്യതയുണ്ട്. ഇനി സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ ചില വിജയകരമായ റണ്‍ ചേസുകള്‍ പരിശോധിക്കാം.
2006 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 287 റണ്‍സ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. അതുതന്നെയാണ് സിഡ്‌നിയിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ്. സിഡ്‌നിയില്‍ 33 തവണ റണ്‍ ചേസ് നടന്നപ്പോള്‍ ഓസീസ് 26 തവണയും ജയിച്ചു. ഇത്തരത്തില്‍ ഇംഗ്ലണ്ട് ആറ് മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. ഒരു ജയം പാകിസ്ഥാന്റെ അക്കൗണ്ടിലുമുണ്ട്. ഓസീസ് ആറ് തവണ 200ന് അപ്പുറമുള്ള സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചിട്ടുണ്ട്. അതില്‍ നാല് തവണയും ഇംഗ്ലണ്ടായിരുന്നു എതിരാളി. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ ഓരോ ജയം.
2000ന് ശേഷം സിഡ്നിയില്‍ എട്ട് വിജയകരമായ ചേസുകള്‍ നടന്നിട്ടുണ്ട്, എല്ലാ മത്സരവും ഓസീസ് സ്വന്തമാക്കി. ഇന്ത്യക്ക് ഇപ്പോള്‍ 145 റണ്‍സ് മാത്രമാണ് ലീഡ്. ഇന്ത്യയെ 200നുള്ളില്‍ ഒതുക്കിയാല്‍ പോലും ടീമിന് വിജയപ്രതീക്ഷയുണ്ട്. എന്നാല്‍ ജസ്പ്രിത് ബുമ്ര പന്തെറിയാന്‍ തീരുമാനിച്ചാല്‍ ഓസീന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുമ്പോള്‍ രണ്ടാം സെഷ്‌നില്‍ ബുമ്ര പന്തെറിഞ്ഞിരുന്നില്ല. പുറം വേദനയെ തുടര്‍ന്ന് അദ്ദേഹം ഡോക്റ്റര്‍മാരുടെ സഹായം തേടിയിരുന്നു. ആശുപത്രിയില്‍ പോയി സ്‌കാനിംഗ് നടത്തിയ ശേഷമാണ് ബുമ്ര തിരിച്ചെത്തിയത്.
ബുമ്ര നിരീക്ഷണത്തിലാണെന്ന് സഹപേസര്‍ പ്രസിദ്ധ് കൃഷ്ണ വ്യക്തമാക്കിയിരുന്നു. അദ്ദേഹം ബാറ്റ് ചെയ്യാനെത്തിയാലും പന്തെറിയുമോ എന്നുള്ള കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു. എന്തായാലും ആവേശകരമായ മൂന്നാം ദിവസത്തിനാണ് സിഡ്‌നി സാക്ഷ്യം വഹിക്കുക.