വീണ്ടും അർധ സെഞ്ചുറിയുമായി ഷോൺ റോജർ, ഏദൻ ആപ്പിൾ ടോമിന് 6 വിക്കറ്റ്; കേരള-ഒഡീഷ മത്സരം സമനിലയിൽ

എട്ട് വിക്കറ്റിന് 472 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഒഡീഷയ്ക്ക് 14 റൺസ് കൂടി മാത്രമാണ് കൂട്ടിച്ചേർക്കാനായത്.

Col CK Nayudu Trophy: Kerala vs Odisha match ends in a draw

പറ്റ്ന: സി കെ നായിഡു ട്രോഫിയിൽ കേരള-ഒഡീഷ മത്സരം  സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ 186 റൺസിന്‍റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റിന് 217 റൺസെടുത്ത് നില്‍ക്കെയാണ്  മത്സരം  അവസാനിച്ചത്. ആറ് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ ഏദൻ ആപ്പിൾ ടോമിന്‍റെയും രണ്ടാം ഇന്നിങ്സിലും അർധസെഞ്ച്വറി നേടിയ ഷോൺ റോജറിന്‍റെയും പ്രകടനമാണ് കേരളത്തെ സംബന്ധിച്ച്   ശ്രദ്ധേയമായത്.

നേരത്തെ ഒഡീഷയുടെ ആദ്യ ഇന്നിങ്സ് 486 റൺസിന് അവസാനിച്ചിരുന്നു. എട്ട് വിക്കറ്റിന് 472 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഒഡീഷയ്ക്ക് 14 റൺസ് കൂടി മാത്രമാണ് കൂട്ടിച്ചേർക്കാനായത്. സംബിത് ബാരലിനെയും ആയുഷ് ബാരിക്കിനെയും പുറത്താക്കി ഏദൻ ആപ്പിൾ ടോം ആണ് ഒഡീഷ ഇന്നിങ്സിന് അവസാനമിട്ടത്. ജിഷ്ണു രണ്ടും പവൻ രാജ് ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യ പന്ത് നേരിടും മുമ്പെ കിട്ടിയത് 10 റണ്‍സ്, എന്നിട്ടും ദക്ഷിണാഫ്രിക്കക്ക് മുന്നിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 62 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. 14 റൺസെടുത്ത വരുൺ നായനാരുടെയും, 29 റൺസെടുത്ത ക്യാപ്റ്റൻ അഭിഷേക് നായരുടെയും 10 റൺസെടുത്ത മൊഹമ്മദ് ഇനാന്‍റെയും വിക്കറ്റുകളാണ് നഷ്ടമായത്.  നാലാം വിക്കറ്റിൽ ഷോൺ റോജറും അഹമ്മദ് ഇമ്രാനും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. അഹ്മദ് ഇമ്രാൻ 61 റൺസെടുത്ത് പുറത്തായി.

കളി നിർത്തുമ്പോൾ 72 റൺസോടെ ഷോൺ റോജറും 23 റൺസോടെ രോഹൻ നായരുമായിരുന്നു ക്രീസിൽ. ടൂർണ്ണമെന്‍റിലുടനീളം  ഷോൺ റോജറിൻ്റെ പ്രകടനമായിരുന്നു കേരള ബാറ്റിങ് നിരയ്ക്ക് കരുത്തായത്. രണ്ട് സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറിയും അടക്കം 485 റൺസാണ് സീസണിലാകെ ഷോണിന്‍റെ സമ്പാദ്യം. ടൂർണ്ണമെന്‍റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിലും മുൻനിരയിലാണ് ഷോൺ റോജറുടെ സ്ഥാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios