ഓസ്ട്രേലിയൻ പര്യടനത്തിന് മുമ്പ് വീണ്ടും ഫോമിലായി ചേതേശ്വർ പൂജാര, ഇരട്ട സെഞ്ചുറി; ലാറയുടെ റെക്കോർഡ് മറികടന്നു
ഈ വര്‍ഷം രഞ്ജി ക്രിക്കറ്റിലും കൗണ്ടി ചാമ്പ്യൻഷിപ്പിലുമായി ആറ് സെഞ്ചുറികളാണ് പൂജാര നേടിയത്.
രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഡിനെതിരെ സൗരാഷ്ട്രക്കായി ഇരട്ട സെഞ്ചുറി നേടി ഇന്ത്യൻ താരം ചേതേശ്വര്‍ പൂജാര. ഛത്തീസ്ഗഡിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 578-7ന് മറുപടിയായി ആദ്യ ഇന്നിംഗ്സില്‍ നാലാം ദിനം സൗരാഷ്ട്ര 478-8ലെത്തിയപ്പോള്‍ 234 റണ്‍സെടുത്താണ് പൂജാര തിളങ്ങിയത്. വീണ്ടും ഫോമിലേക്ക് മടങ്ങിയെത്തിയതോടെ അടുത്ത മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെത്താനുള്ള നേരിയ സാധ്യത പൂജാര നിലനിര്‍ത്തി.
സെഞ്ചുറി നേടിയതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സെഞ്ചുറികളുടെ എണ്ണത്തിൽ പൂജാര വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ മറികടന്നു. രഞ്ജി ട്രോഫി ക്രിക്കറ്റിലെ 25-ാമത്തെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 66ാമത്തെയും സെഞ്ചുറിയാണിത്. ബ്രയാൻ ലാറയ്ക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 65 സെഞ്ചുറികളാണുള്ളത്. രഞ്ജി സെഞ്ചുറികളുടെ എണ്ണത്തില്‍ വിനോദ് കാംബ്ലിയെയും എസ് ബദരീനാഥിനെയും പൂജാര പിന്നിലാക്കി.
സജീവ ക്രിക്കറ്റില്‍ തുടരുന്ന താരങ്ങളില്‍ പരസ് ദോഗ്ര മാത്രമാണ് സെഞ്ചുറികളുടെ എണ്ണത്തില്‍ പൂജാരക്ക് മുന്നിലുള്ളു. ഛത്തീസ്ഗഡിനെതിരെ നേടിയ സെഞ്ചുറിയോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 21000 റണ്‍സ് പിന്നിടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാവാനും പൂജാരക്കായി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ മാത്രമാണ് പൂജാരക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 25834 റണ്‍സടിച്ചിട്ടുള്ള സുനില്‍ ഗവാസ്കര്‍ ആണ് ഒന്നാമത്.
DOUBLE HUNDRED BY CHETESHWAR PUJARA...!!! ⭐
— Mufaddal Vohra (@mufaddal_vohra) October 21, 2024
- What a knock by Pujara, he's playing a marathon knock for Saurashtra in the Ranji trophy. 👌 pic.twitter.com/ZnBsZ0UBxy
ഈ വര്‍ഷം രഞ്ജി ക്രിക്കറ്റിലും കൗണ്ടി ചാമ്പ്യൻഷിപ്പിലുമായി ആറ് സെഞ്ചുറികളാണ് പൂജാര നേടിയത്. പൂജാര നേടിയ 66 ഫസ്റ്റ് ക്സാസ് സെഞ്ചുറികളില്‍ 19ഉം ഇന്ത്യക്കായി ടെസ്റ്റിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ ഫൈനലില്‍ കളിച്ചശേഷം ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ പൂജാരക്ക് പകരം ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ പിന്നീട് മൂന്നാം നമ്പറില്‍ പരീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക