സല്‍മാന്‍ നിസാറിന്റെ ഒറ്റയാള്‍ പോരാട്ടം, സെഞ്ചുറി! ജമ്മു കശ്മീരിനെതിരെ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡിനരികെ
ഒമ്പതിന് 200 എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. 49 റണ്‍സുമായി സല്‍മാന്‍ ക്രീസിലുണ്ടായിരുന്നു.
![century for salman nizar and kerala on verge of first innings lead against jammu and kashmir century for salman nizar and kerala on verge of first innings lead against jammu and kashmir](https://static-gi.asianetnews.com/images/01jjvhwkaehw2bxt1drs2f9y6v/whatsapp-image-2025-01-30-at-4.56.25-pm-1-_363x203xt.jpeg)
പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ കേരളം ഇന്നാം ഇന്നിംഗ്‌സ് ലീഡിനരികെ. സെഞ്ചുറി നേടിയ സല്‍മാന്‍ നിസാറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തിന് പ്രതീക്ഷ നല്‍കുന്നത്. 100 റണ്‍സുമായി ഇപ്പോഴും ക്രീസിലുണ്ട്. 11-ാമന്‍ ബേസില്‍ തമ്പിയാണ് (8) സല്‍മാന് കൂട്ട്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തിട്ടുണ്ട് കേരളം. ജമ്മുവിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 280നെതിരെ ഇപ്പോള്‍ 18 റണ്‍സ് മാത്രം പിറകിലാണ് കേരളം.
ഒമ്പതിന് 200 എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. 49 റണ്‍സുമായി സല്‍മാന്‍ ക്രീസിലുണ്ടായിരുന്നു. തുടര്‍ന്ന് ബേസിലിനൊപ്പം ഇതുവരെ 62 റണ്‍സാണ് സല്‍മാന്‍ കൂട്ടിചേര്‍ത്തത്. മൂന്ന് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സല്‍മാന്റെ ഇന്നിംഗ്‌സ്. 67 റണ്‍സ് നേടിയ ജലജ് സക്‌സേനയാണ് കേരളത്തിന്റെ അടുത്ത ടോപ് സ്‌കോറര്‍. നിധീഷ് എം ഡി (30), അക്ഷയ് ചന്ദ്രന്‍ (29), മുഹമ്മദ് അസറുദ്ദീന്‍ (15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
കേരളത്തിന് തുടക്കത്തിലെ രോഹന്‍ കുന്നുമ്മല്‍(1), ഷോണ്‍ റോജര്‍ (0), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(2) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ രോഹന്‍ കുന്നുമ്മലിനെ വിവ്രാന്ത് ശര്‍മയുടെ കൈകളിലെത്തിച്ചാണ് അക്വിബ് നബി വികറ്റ് വേട്ട തുടങ്ങിയത്. അതേ ഓവറിലെ അവസാന പന്തില്‍ ഷോണ്‍ റോജറെ കനയ്യ വധ്വാന്റെ കൈകളിലെത്തിച്ച് അക്വിബ് നബി കേരളത്തിന് ഇരട്ടപ്രഹമേല്‍പ്പിച്ചു. പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ കൂടി ബൗള്‍ഡാക്കി അക്വിബ് നബി കേരളത്തെ 11-3 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലാക്കുകയായിരുന്നു.
പിന്നാലെ ജലജ് സക്സേന (67) അക്ഷയ് ചന്ദ്രന്‍ (29) സഖ്യം കൂട്ടിചേര്‍ത്ത 94 റണ്‍സാണ് കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അക്വിബ് നബി ബ്രേക്ക് ത്രൂമായെത്തി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സക്സേന പുറത്ത്. 78 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും ആറ് ഫോറും നേടി. അതേ സ്‌കോറില്‍ അക്ഷയ് ചന്ദ്രനെയും (29) നഷ്ടമായതോടെ കേരളം വീണ്ടും തകര്‍ച്ചയിലായി. മുഹമ്മദ് അസറുദ്ദീന്‍ (15), ആദിത്യ സര്‍വാതെ (1) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചതുമില്ല. നിധീഷ് വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. എന്നാല്‍ സഹില്‍ ലോത്ര റിട്ടേണ്‍ ക്യാച്ചില്‍ മടക്കി. ഏഴിന് 137 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ നിധീഷ് - സല്‍മാന്‍ സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്ത് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ എന്‍ പി ബേസും (0) പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ അകിബ് അലി ദറാണ് കേരളത്തെ തകര്‍ത്തത്.
നേരത്തെ 228-8 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ജമ്മു കശ്മീര്‍ ജമ്മു കശ്മീര്‍ ഒന്നാം ഇന്നിംഗ്സില്‍ 280 റണ്‍സിന് പുറത്തായിരുന്നു. വാലറ്റക്കാരുടെ ചെറുത്തു നില്‍പ്പിന്റെ കരുത്തിലാണ് ജമ്മു കശ്മീര്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. പത്താമനായി ഇറങ്ങി തകര്‍ത്തടിച്ച് 30 പന്തില്‍ 32 റണ്‍സെടുത്ത അക്വിബ് നബിയും 31 പന്തില്‍ 26 റണ്‍സെടുത്ത യുദ്ധ്വീര്‍ സിംഗും ഉമര്‍ നസീറും(14*) ചേര്‍ന്നാണ് രണ്ടാം ദിനം ജമ്മു കശ്മീരിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. കേരളത്തിന് വേണ്ടി നിധീഷ് ആറ് വിക്കറ്റ് നേടിയിരുന്നു.