ഒരു സെഞ്ചുറി, മൂന്ന് അര്‍ധ സെഞ്ചുറി! വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മന്ദാന - പ്രതിക സഖ്യം 110 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 358 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവച്ച് ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ആദ്യം ബാറ്റിംഗിനെത്തിയ ഹര്‍ലീന്‍ ഡിയോളിന്റെ (103 പന്തില്‍ 115) സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പ്രതിക റാവല്‍ (76), ജമീമ റോഡ്രിഗസ് (52), സ്മൃതി മന്ദാന (53) എന്നിവരുടെ ഇന്നിംഗ്‌സുകളും ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടു. അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മന്ദാന - പ്രതിക സഖ്യം 110 റണ്‍സാണ് കൂട്ടിചേര്‍ത്തത്. നിര്‍ഭാഗ്യവശാല്‍ മന്ദാന റണ്ണൗട്ടായി. വലിയ ആത്മവിശ്വാസത്തില്‍ കളിച്ച താരത്തിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ഏഴ് ഫോറുമുണ്ടായിരുന്നു. പിന്നാലെ ഹര്‍ലീന്‍, പ്രതികയ്‌ക്കൊപ്പം ചേര്‍ന്നും. ഇരുവരും മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. 62 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. അര്‍ഹിച്ച സെഞ്ചുറിയിലേക്ക് നീങ്ങവെ പ്രതികയെ സെയ്ദ ജെയിംസ് മടക്കി. 86 പന്തില്‍ ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടെയാണ് 20കാരി 76 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (22) പെട്ടന്ന് മടങ്ങിയെങ്കിലും ജമീമയുടെ ഇന്നിംഗ്‌സ് ടീമിന് ഗുണം ചെയ്തു.
ജമീമ - ഹര്‍ലീന്‍ സഖ്യം 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 48-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഹര്‍ലീന്‍ പുറത്താവുകയായിരുന്നു. 16 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത ഓവറില്‍ ജമീമ മടങ്ങി. 36 പന്തില്‍ 52 റണ്‍സ് നേടിയ ജമീമ ഒരു സിക്‌സും ആറ് ഫോറും നേടി. റിച്ചാ ഘോഷ് (13), ദീപ്തി ശര്‍മ (4) പുറത്താവാതെ നിന്നു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ മലയാളി താരം മിന്നു മണി ഒരിക്കല്‍ കൂടി പുറത്തിരിക്കേണ്ടി വന്നു. ടി20 ടീമിലും താരമുണ്ടായിരുന്നെങ്കിലും മിന്നുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: സ്മൃതി മന്ദാന, പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സൈമ താക്കൂര്‍, ടിറ്റാസ് സാധു, രേണുക താക്കൂര്‍ സിംഗ്, പ്രിയ മിശ്ര.
വെസ്റ്റ് ഇന്‍ഡീസ്: ഹെയ്ലി മാത്യൂസ് (ക്യാപ്റ്റന്‍), കിയാന ജോസഫ്, റഷാദ വില്യംസ്, ഡിയാന്ദ്ര ഡോട്ടിന്‍, നെറിസ ക്രാഫ്റ്റണ്‍, ഷെമൈന്‍ കാംബെല്ലെ (വിക്കറ്റ് കീപ്പര്‍), ആലിയ അലീന്‍, സൈദ ജെയിംസ്, കരിഷ്മ റാംഹാരക്ക്, ഷാമിലിയ കോണല്‍, അഫി ഫ്‌ലെച്ചര്‍.