അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് കളിക്കാമോ, ഒരു രാജ്യത്തിന്‍റെ ആവശ്യമാണ്; സ്റ്റോക്സിനോട് മൈക്കല്‍ വോണ്‍
അടുത്ത വർഷത്തെ ഏകദിന ലോകകപ്പില്‍ കളിക്കാമോ ബെന്‍ സ്റ്റേക്സേ, ഒരു രാജ്യത്തിന് വേണ്ടി ആവശ്യപ്പെടുകയാണ് എന്നാണ് വോണിന്‍റെ ട്വീറ്റ്
ലണ്ടന്‍: ജയിക്കാന്‍ ഒരോവറില്‍ 19 റണ്‍സ് വേണ്ടപ്പോള്‍ ആദ്യ നാല് പന്തുകളില്‍ തുടർച്ചയായി സിക്സർ വഴങ്ങുക, 2016ലെ ട്വന്‍റി 20 ലോകകപ്പ് ഫൈനലില്‍ വിന്‍ഡീസ് താരം കാർലോസ് ബ്രാത്ത്‍വെയ്റ്റിന്‍റെ താണ്ഡവത്തിന് മുന്നില്‍ കരിയർ തന്നെ കയ്യാലപ്പുറത്തായ താരമാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. എന്നാല്‍ പിന്നീടങ്ങോട്ട് മൂന്ന് ഫോർമാറ്റിലും ഇംഗ്ലണ്ടിന്‍റെ നിർണായക താരമായി സ്റ്റോക്സിന്‍റെ തിരിച്ചുവരവാണ് ഏവരും കണ്ടത്. ഹെഡിംഗ്‍ലെ ആഷസിലെ ഐതിഹാസിക ജയവും ഏകദിന ലോകകപ്പും ഇപ്പോള്‍ ടി20 ലോകകപ്പും ഇംഗ്ലണ്ട് സമ്മാനിച്ചു സ്റ്റോക്സ്. ഇതോടെ അടുത്ത വർഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ സ്റ്റോക്സ് മടങ്ങിവരണം എന്നഭ്യർഥിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍.
അടുത്ത വർഷത്തെ ഏകദിന ലോകകപ്പില്‍ കളിക്കാമോ ബെന്‍ സ്റ്റേക്സേ, ഒരു രാജ്യത്തിന് വേണ്ടി ആവശ്യപ്പെടുകയാണ് എന്നാണ് വോണിന്‍റെ ട്വീറ്റ്.
ഈ വർഷം ജൂലൈയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തോടെ ബെന്‍ സ്റ്റോക്സ് 50 ഓവർ ക്രിക്കറ്റ് മതിയാക്കിയിരുന്നു. അവസാന ഏകദിന ഇന്നിംഗ്സില്‍ ഗാർഡ് ഓഫ് ഹോണർ നല്‍കിയാണ് സഹതാരങ്ങള്‍ സ്റ്റോക്സിനെ മൈതാനത്തേക്ക് ആനയിച്ചത്. ഏകദിന ഫോർമാറ്റില്‍ ഇംഗ്ലണ്ടിന്‍റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്നു. മുപ്പത്തിയൊന്നുകാരനായ സ്റ്റോക്‌സ് 105 ഏകദിനങ്ങളില്‍ 2924 റണ്‍സും 74 വിക്കറ്റും നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് കഴിഞ്ഞ ഏകദിന ലോകകപ്പിൽ ചാമ്പ്യന്മാരായപ്പോൾ ഫൈനലിൽ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബിഗ് ബെന്‍ ആയിരുന്നു. ഇത്തവണ പാകിസ്ഥാനെ കീഴടക്കി ടി20 ലോകകപ്പ് ഇംഗ്ലണ്ട് നേടിയപ്പോള്‍ സ്റ്റോക്കി 49 പന്തില്‍ പുറത്താവാതെ 52* റണ്‍സുമായി തിളങ്ങി.
സംഭവബഹുലമായിരുന്നു 2016 ട്വന്‍റി 20 ലോകകപ്പിലെ ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ഫൈനല്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇംഗ്ലണ്ടിനെതിരെ ജയിക്കാന്‍ അവസാന ഓവറില്‍ 19 റണ്‍സാണ് വിന്‍ഡീസിന് വേണ്ടിയിരുന്നത്. 66 പന്തില്‍ 85 റണ്‍സുമായി ഫോമിലുണ്ടായിരുന്ന മാര്‍ലോണ്‍ സാമുവല്‍സ് നോണ്‍-സ്ട്രൈക്ക് എന്‍ഡിലായതോടെ ഇംഗ്ലണ്ട് ജയമുറപ്പിച്ചതാണ്. എന്നാല്‍ ബെന്‍ സ്റ്റോക്‌സിനെ തുടര്‍ച്ചയായി നാല് സിക്‌സുകള്‍ക്ക് പറത്തി കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് വിന്‍ഡീസിന് കപ്പ് സമ്മാനിക്കുകയായിരുന്നു. നാല് വിക്കറ്റ് ജയത്തോടെ തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം അന്ന് വിന്‍ഡീസ് സ്വന്തമാക്കി. അന്ന് തലതാഴ്ത്തി മടങ്ങിയ സ്റ്റോക്സ് രാജകീയമായി പിന്നീട് തിരിച്ചെത്തിയപ്പോള്‍ ബ്രാത്ത്‍വെയ്റ്റ് വിസ്മയ പ്രകടനം പിന്നീട് തുടർന്നില്ല എന്നതാണ് ചരിത്രം.