ആലപ്പി റിപ്പിള്‍സിന് വീണ്ടും തോല്‍വി, കൂടെ മടക്ക ടിക്കറ്റും! ഗ്ലോബ്‌സ്റ്റാര്‍സിന്റെ ജയം ആറ് വിക്കറ്റിന്

ലിസ്റ്റണ്‍ അഗസ്റ്റിന്‍ (21 പന്തില്‍ 38) എം. അജിനാസ് (2), ഒമര്‍ അബൂബക്കര്‍ (0), രഹന്‍ സായ് (14) എന്നിവരുടെ വിക്കറ്റുകളാണ് കാലിക്കറ്റിന് നഷ്ടമായത്.

calicut globstars won over allappey ripples by six wickets

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റിപ്പിള്‍സ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗ്ലോബ്‌സ്റ്റാര്‍സ് കാലിക്കറ്റ് 16-ാം ഓവറിലെ അവസാന പന്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. കാലിക്കറ്റിനുവേണ്ടി സഞ്ജയ് രാജ് 48 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടി. രണ്ട് സിക്സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജയുടെ ഇന്നിംഗ്സ്. സഞ്ജയ് രാജാണ് പ്ലേയര്‍ ഓഫ് ദി മാച്ച്. 

ലിസ്റ്റണ്‍ അഗസ്റ്റിന്‍ (21 പന്തില്‍ 38) എം. അജിനാസ് (2), ഒമര്‍ അബൂബക്കര്‍ (0), രഹന്‍ സായ് (14) എന്നിവരുടെ വിക്കറ്റുകളാണ് കാലിക്കറ്റിന് നഷ്ടമായത്. വൈശാഖ് ചന്ദ്രനെറിഞ്ഞ 16-ാം ഓവറിലെ അവസാന പന്ത് സിക്സ് പായിച്ച് സല്‍മാന്‍ നിസാറാണ് കാലിക്കറ്റിനു വേണ്ടി വിജയ റണ്‍ നേടിയത്. സഞ്ജയ് രാജ് (75), സല്‍മാന്‍ നിസാര്‍ (12) എന്നിവര്‍ പുറത്താകാതെ നിന്നു. 

നേരത്തെ റിപ്പിള്‍സിന്റെ തുടക്കം തന്നെ ദുര്‍ബലമായി. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ കൃഷ്ണ പ്രസാദിനെ പി അന്‍താഫ് സഞ്ജയ് രാജിന്റെ കൈകളിലെത്തിച്ചു. മൂന്നു പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് കൃഷ്ണ പ്രസാദിന് നേടാന്‍ കഴിഞ്ഞത്. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (15), വിനൂപ് മനോഹരന്‍ (ആറ്) എന്നിവര്‍ വേഗത്തില്‍ പുറത്തായതോടെ മൂന്നിന് 29 എന്ന നിലയിലേക്ക് റിപ്പിള്‍സ് പരുങ്ങി. ടി കെ അക്ഷയുടെ അര്‍ധസെഞ്ചുറിയാണ് റിപ്പിള്‍സിനെ 144ലെത്താന്‍ സഹായിച്ചത്. 45 പന്തില്‍ 57 റണ്‍സ് നേടിയ അക്ഷയ് രണ്ട് സിക്സും അഞ്ച് ഫോറും നേടി. 

രണ്ട് വാക്ക് മാത്രം! വിമര്‍ശകരുടെ വായടപ്പിച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഇഷാന്‍ കിഷന്‍

27 പന്തില്‍ നിന്ന് ആസിഫലി 27 റണ്‍സ് സ്വന്തമാക്കി അക്ഷയ്ക്ക് പിന്തുണ നല്കി. വൈശാഖ് ചന്ദ്രന്‍ (3), ഉജ്ജ്വല്‍ കൃഷ്ണ (0), അതുല്‍ ഡയമണ്ട് (12) എന്നിവര്‍ വേഗത്തില്‍ പുറത്തായതോടെ ആലപ്പുഴയുടെ റണ്‍വേട്ട മന്ദഗതിയിലായി. 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 എന്ന നിലയില്‍ ആലപ്പിയുടെ ബാറ്റിംഗ് അവസാനിച്ചു. കാലിക്കറ്റിനു വേണ്ടി അഖില്‍ സ്‌കറിയ നാലു ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടി.

കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, കൊല്ലം സെയ്ലേഴ്‌സ്, ട്രിവാന്‍ഡ്രം റോയല്‍സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടി. കൊച്ചി ബ്ലൂ ടൈഗേഴ്‌സും ആലപ്പി റിപ്പിള്‍സുമാണ് സെമിയിലേക്ക് യോഗ്യത നേടാതെപോയ ടീമുകള്‍.

Latest Videos
Follow Us:
Download App:
  • android
  • ios