അവന്‍റെ ഫോമാകും ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയുടെ വിധി നിര്‍ണയിക്കുക; നിര്‍ണായക താരത്തെക്കുറിച്ച് രവി ശാസ്ത്രി
സ്പിന്നിനെ സഹായിക്കുന്ന പിച്ചാണെങ്കില്‍ അശ്വിനെതിരെ ഏത് ബാറ്ററും ബുദ്ധിമുട്ടും. അതിനായി അശ്വിന് അധികമൊന്നും പ്ലാന്‍ ചെയ്യേണ്ട കാര്യമില്ല. ആദ്യ ടെസ്റ്റില്‍ മൂന്നാം സ്പിന്നറായി അക്സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നും രവി ശാസ്ത്രി
നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് വ്യാഴാഴ്ച നാഗ്പൂരില്‍ തുടങ്ങാനിരിക്കെ പരമ്പരയുടെ വിധി നിര്‍ണയിക്കുന്ന താരത്തെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍റെ ഫോമാകും ഇന്ത്യ-ഓശ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ വിധി നിര്‍ണയിക്കുക എന്ന് രവി ശാസ്ത്രി സ്റ്റാര്‍ സ്പോര്‍ട്സ് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പരമ്പരയില്‍ അശ്വിനാകും ഇന്ത്യയുടെ നിര്‍ണായക താരം. അശ്വിന്‍ ഒരു കംപ്ലീറ്റ് പാക്കേജാണ്. വിക്കറ്റ് വീഴ്ത്തുന്നതിനൊപ്പം ടീമിന് നിര്‍ണായക ഘട്ടത്തില്‍ ബാറ്റുകൊണ്ട് സംഭാവന നല്‍കാനും അശ്വിനാവും. ലോകത്തെ ഏത് സാഹചര്യത്തിലും മികച്ച രീതിയില്‍ പന്തെറിയുന്ന അശ്വിന്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കൂടുതല്‍ അപകടകാരിയാണ്. അദ്ദേഹത്തിനെതിരെ എന്തൊക്കെ പ്ലാന്‍ ചെയ്താലും കാര്യമില്ല. കാരണം, അവന് അവന്‍റേതായ പ്ലാന്‍ ഉണ്ട്. അതുകൊണ്ടുതന്നെ അശ്വിന്‍റെ ഫോം ആകും പരമ്പരയുടെ ഫലം നിര്‍ണയിക്കുക.
സ്പിന്നിനെ സഹായിക്കുന്ന പിച്ചാണെങ്കില്‍ അശ്വിനെതിരെ ഏത് ബാറ്ററും ബുദ്ധിമുട്ടും. അതിനായി അശ്വിന് അധികമൊന്നും പ്ലാന്‍ ചെയ്യേണ്ട കാര്യമില്ല. ആദ്യ ടെസ്റ്റില്‍ മൂന്നാം സ്പിന്നറായി അക്സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു. അക്സറും രവീന്ദ്ര ജഡേജയും ഒരേ രീതിയില്‍ പന്തെറിയുന്ന ബൗളര്‍മാരാണ്. ഓള്‍ റൗണ്ടറെന്ന നിലയില്‍ ജഡേജ പ്ലേയിംഗ് ഇലവനില്‍ കളിക്കുകയാണെങ്കില്‍ മൂന്നാം സ്പിന്നറായി കുല്‍ദീപ് കളിക്കുന്നതാണ് ഉചിതം.
കാരണം, ആദ്യ ദിനം ടോസ് നഷ്ടമായി ഫീല്‍ഡ് ചെയ്യേണ്ടിവരികയും പിച്ചില്‍ നിന്ന് കാര്യമായ സഹായം കിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിലും റിസ്റ്റ് സ്പിന്‍ കൊണ്ട് എതിരാളികളെ ബുദ്ധിമുട്ടിക്കാന്‍ കുല്‍ദീപിന് കഴിയും. കാരണം, സ്പിന്നിനെ സഹായിക്കാത്ത പിച്ചില്‍ പോലും ആദ്യ ദിനം മുതല്‍ പന്ത് സ്പിന്‍ ചെയ്യാന്‍ കഴിയുന്ന ബൗളറാണ് കുല്‍ദീപ്. അതുപോലെ കളി പുരോഗമിക്കുമ്പോള്‍ പിച്ചിന്‍റെ ഇരുവശത്തും ഓസീസ് പേസര്‍മാര്‍ ഉണ്ടാക്കുന്ന വിള്ളലുകള്‍ ഫലപ്രദമായി ഉപയോഗിക്കാനും കുല്‍ദീപിന് കഴിയുമെന്നും രവി ശാസ്ത്രി പറഞ്ഞു.