'എന്നോട് ക്ഷമിക്കണം'; റിഷഭ് പന്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് തടിയൂരി ഉര്‍വശി റൗട്ടേല
ആര്‍പി എന്ന പേരുള്ള ഒരാളെ താന്‍ മണിക്കൂറുകളോളം കാത്തിരുത്തിയ കാര്യവും ഫോണ്‍ എടുക്കാതിരുന്ന സംഭവവും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഉര്‍വശി റൗട്ടേല വെളിപ്പെടുത്തിയത്.
മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ വാക്‌പോരില്‍ ക്ഷമ ചോദിച്ച് ബോളിവുഡി നടി ഉര്‍വശി റൗട്ടേല. നടിയുടേതായി പുറത്തുവന്ന പുതിയ വിഡിയോയില്‍ കൈകള്‍ കൂപ്പിയാണ് ഉര്‍വശി ക്ഷമ ചോദിക്കുന്നത്. തന്നെ കാണാന്‍ ആര്‍പി മണിക്കൂറുകളോളം കാത്തിരുന്നുവെന്നും 16-17 തവണ ഫോണ്‍ വിളിച്ചിട്ടും എടുത്തില്ലെന്നുമുള്ള ഉര്‍വശി റൗട്ടേലയുടെ അഭിമുഖത്തിലെ വെളിപ്പെടുത്തലിനോട് റിഷഭ് പന്ത് പ്രതികരിച്ചതിലൂടെയായിരുന്നു വാദപ്രതിവാദങ്ങളുടെ തുടക്കം.
റൗട്ടേല വീഡിയോയില്‍ പറയുന്നത്. ''എന്താണു പറയേണ്ടതെന്ന് എനിക്ക് അറിയില്ല, ക്ഷമിക്കണം, എന്നോടു ക്ഷമിക്കണം.'' നടി വിശദീകരിച്ചു. റിഷഭ് പന്ത് ബോയ് ഫ്രണ്ടാണോ എന്നുള്ള ചോദ്യത്തിനോട് പ്രതികരിക്കാനില്ലെന്നും റൗട്ടേല പറഞ്ഞു. ''പോസിറ്റീവ് ആയ സാഹചര്യങ്ങളാണ് ഉണ്ടായിരിക്കേണ്ടത്. ഞാനും അങ്ങനെയാണ്. അതുകൊണ്ട് ആരെക്കുറിച്ചും മോശമായി സംസാരിക്കരുത്. അക്കാര്യത്തെക്കുറിച്ച് എനിക്കു പ്രത്യേകിച്ചൊന്നും പറയാനില്ല.'' റൗട്ടേല കൂട്ടിചേര്‍ത്തു.
ആര്‍പി എന്ന പേരുള്ള ഒരാളെ താന്‍ മണിക്കൂറുകളോളം കാത്തിരുത്തിയ കാര്യവും ഫോണ്‍ എടുക്കാതിരുന്ന സംഭവവും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഉര്‍വശി റൗട്ടേല വെളിപ്പെടുത്തിയത്. 'വാരണാസിയില്‍ ഷൂട്ടിംഗിലായിരുന്നു ഞാന്‍. 10 മണിക്കൂര്‍ ഷൂട്ടിംഗിനുശേഷം ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്നതിന് ഒരുങ്ങാനായി ഞാന്‍ ഹോട്ടല്‍ മുറിയിലേക്ക് ഞാന്‍ പോയി. പെണ്‍കുട്ടികള്‍ ഒരുങ്ങാന്‍ ഒരുപാട് സമയമെടുക്കുമെന്ന് അറിയാമല്ലോ. ഈ സമയം ആര്‍പി എന്നെക്കാണാനായി ഹോട്ടല്‍ ലോബിയിലെത്തിയിരുന്നു.
അദ്ദേഹം എന്നെക്കാണാന്‍ അവിടെ മണിക്കൂറുകളോളം കാത്തിരുന്നു. അദ്ദേഹം എന്നെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും ഞാന്‍ ക്ഷീണം കാരണം ചെറുതായൊന്ന് മയങ്ങിപ്പോയി. ഞാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ഫോണില്‍ 16, 17 മിസ്ഡ് കോളുകളുണ്ടായിരുന്നു. എനിക്കുവേണ്ടി ഒരാള്‍ ഇത്രയും നേരം കാത്തിരുന്നിട്ടും ഇത്രതവണ ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാതിരുന്നതില്‍ എനിക്ക് വിഷമം തോന്നി. പക്ഷെ ചില പെണ്‍കുട്ടികള്‍ അങ്ങനെയാണല്ലോ, അവരെ കാത്തിരിക്കുന്നവരെക്കുറിച്ചൊന്നും ചിന്തിക്കില്ല. പിന്നീട് മുംബൈയില്‍ വരുമ്പോള്‍ കാണാമെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു' എന്നായിരുന്നു ഉര്‍വശിയുടെ കമന്റ്.
പിന്നാലെ ട്വിസ്റ്റ് എന്ന് തോന്നിക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്ത് വന്നു. 'അഭിമുഖങ്ങളില്‍ ആളുകള്‍ ഇങ്ങനെ പച്ചക്കള്ളം പറയുന്നത് കാണാന്‍ രസമാണ്. പ്രശസ്തയാവാനും തലക്കെട്ടില്‍ ഇടം നേടാനുമായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്. പ്രശസ്തിക്കുവേണ്ടിയുള്ള ചിലരുടെ ശ്രമം കാണുമ്പോള്‍ വിഷമമുണ്ടെന്നും ദൈവം അവരെ അനുഗ്രഹിക്കട്ടെ' എന്നുമായിരുന്നു റിഷഭ് പന്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. പിന്നീട് അദ്ദേഹം സ്റ്റോറി ഡിലീറ്റ് ചെയ്യുകയും ചെയ്തു.