ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി, സൂപ്പർ ഓള്‍ റൗണ്ടര്‍ പരിക്കേറ്റ് പുറത്ത്
നാലാം ഏകദിനത്തിന് മുമ്പ് നടത്തിയ സ്കാനിംഗിലാണ് ഗ്രീനിന് പുറത്ത് പരിക്കുണ്ടെന്ന കാര്യം വ്യക്തമായത്.
മെല്‍ബണ്‍: നവംബറില്‍ ഇന്ത്യക്കെതിരെ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി സൂപ്പര്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്‍റെ പരിക്ക്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പരിക്കുമൂലം പുറത്തായ ഗ്രീന്‍ പുറത്തേറ്റ പരിക്കുമൂലം ഏകദിന പരമ്പരയില്‍ നിന്ന് പിന്‍മാറി. ഓസ്ട്രേലിയയിലേക്ക് മടങ്ങുന്ന ഗ്രീന്‍ ഇന്ത്യക്കെതിരാ നിര്‍ണായക ടെസ്റ്റ് പരമ്പരക്ക് മുമ്പ് പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ ഓസ്ട്രേലിയക്ക് ആശങ്കയുണ്ട്.
നാലാം ഏകദിനത്തിന് മുമ്പ് നടത്തിയ സ്കാനിംഗിലാണ് ഗ്രീനിന് പുറത്ത് പരിക്കുണ്ടെന്ന കാര്യം വ്യക്തമായത്. ഓസ്ട്രേലിയയിലെത്തി വിശദ പരിശോധനക്ക് ശേഷമെ പരിക്കില്‍ നിന്ന് മോചിതനാകാന്‍ എത്രസമയം വേണ്ടിവരുമെന്ന് പറയാനാകു. ഇംഗ്ലണ്ടിനെതിരെ ചെസ്റ്റര്‍ ലി സ്ട്രീറ്റില്‍ നടന്ന മൂന്നാം ഏകദിനത്തിനിടെയാണ് ഗ്രീനിന് പുറം വേദന അനുഭപ്പെട്ടത്. മത്സരത്തില്‍ 45 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഗ്രീന്‍ 45 റണ്‍സും നേടി ബാറ്റിംഗിലും തിളങ്ങിയിരുന്നു.
മുമ്പ് പലതവണ പുറത്ത് പരിക്കേറ്റതുമൂലം മത്സരങ്ങള്‍ നഷ്ടമായിട്ടുള്ള ഗ്രീനിന് 2019-2020 സീസണില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്നും വിലക്കിയിരുന്നു. നവംബര്‍ 22ന് പേസ് പിച്ചായ പെര്‍ത്തിലാണ് ഇന്ത്യക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. കാമറൂണ്‍ ഗ്രീനിന്‍റെ സാന്നിധ്യം ഓസ്ട്രേലിയയുടെ ടീം സന്തുലനത്തില്‍ നിര്‍ണായകമായിരുന്നു. 1990-91നേ ശേഷം ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയയില്‍ പരമ്പര നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചതിനാല്‍ ഇത്തവണ വലിയ മുന്നൊരുക്കത്തിലാണ് ഓസീസ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ഇതിനിടെയാണ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ക്ക് പരിക്കേറ്റത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക