ഐപിഎല്ലില്‍ എല്ലാം ഒത്തുകളി, ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി
ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരം കാണാന്‍ ഗുജറാത്തുകാരന്‍ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എത്തിയിരുന്നു. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഐപിഎല്‍ വിജയത്തിലൂടെ നേട്ടമുണ്ടാക്കാന്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ശ്രമിക്കുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മുംബൈ: ഐപിഎല്‍(IPL 2022) മത്സരഫലങ്ങള്‍ എല്ലാം ഒത്തുകളിയാണെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി(Subramanian Swamy).മത്സരഫലങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതാണെന്നും എന്നാല്‍ ഈ ഒത്തുകളിയെക്കുറിച്ച് രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അറിയാമെങ്കിലും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐ തലപ്പത്തിരിക്കുന്നിടത്തോളം സര്‍ക്കാര്‍ അന്വേഷണം നടത്തുകയോ നടപടി എടുക്കുകയോ ചെയ്യില്ലെന്നും സ്വാമി ട്വിറ്ററില്‍ ആരോപിച്ചു.
ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരം കാണാന്‍ ഗുജറാത്തുകാരന്‍ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എത്തിയിരുന്നു. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഐപിഎല്‍ വിജയത്തിലൂടെ നേട്ടമുണ്ടാക്കാന്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ശ്രമിക്കുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഏകപക്ഷീയമായി മാറിയ ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം ഹാര്‍ദ്ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയും ഗുജറാത്തുകാരനാണ്.
മത്സരത്തില്‍ ടോസ് നേടിയ ശേഷം ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള സഞ്ജു സാംസണിന്‍റെ തീരുമാനത്തെപ്പോലും ഒത്തുകളിയുടെ ഭാഗമായി ചിലര്‍ ചിത്രീകരിച്ചിരുന്നു. ചേസിംഗില്‍ ഗുജറാത്തിന് മികച്ച റെക്കോര്‍ഡുണ്ടെന്ന് അറിയാമായിരുന്നിയിട്ടും രാജസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തതാണ് ആരാധകരില്‍ ചിലര്‍ ചോദ്യം ചെയ്തത്. ഗുജറാത്ത് കിരീടം നേടിയശേഷം അമിത് ഷാ നടത്തിയ ആഘോഷത്തെയും ഒത്തുകളി ആരോപണം ഉന്നയിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.
വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും ഉയര്‍ന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് ബിജെപി നേതാവ് തന്നെ ഐപിഎല്‍ മത്സരങ്ങള്‍ ഒത്തുകളിയാണെന്ന ആരോപണവുമായി രംഗത്തെത്തുന്നത്. രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍കക് ഒത്തുകളിയെക്കുറിച്ച് അറിയാമെങ്കിലും ജയ് ഷായെ പേടിച്ച് നടപടിയെടുക്കാന്‍ ധൈര്യപ്പെടുന്നില്ലെന്നും സ്വാമി ആരോപിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കേണ്ടിവരുമെന്നും സ്വാമി ട്വിറ്ററില്‍ പറയുന്നു.