വമ്പന്‍മാരെയടക്കം വീഴ്ത്തി ഹാട്രിക് ജയം; പിന്നാലെ അഫ്‌ഗാന് കനത്ത തിരിച്ചടി, സൂപ്പര്‍ 8ന് സൂപ്പര്‍താരമില്ല

ടി20 ലോകകപ്പില്‍ സി ഗ്രൂപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാമതാണ് അഫ്‌ഗാനിസ്ഥാന്‍ നില്‍ക്കുന്നത്

Big setback to Afghanistan as spinner Mujeeb Ur Rahman has been ruled out of the remaining T20 World Cup 2024

ആന്‍റിഗ്വ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് 2024ല്‍ സൂപ്പര്‍ 8 മത്സരങ്ങള്‍ ഒരു വിളിപ്പാടകലെ ആരംഭിക്കാനിരിക്കേ അഫ്‌ഗാനിസ്ഥാന് തിരിച്ചടി. കൈവിരലിന് പരിക്കേറ്റ സ്റ്റാര്‍ സ്‌പിന്നര്‍ മുജീബ് ഉര്‍ റഹ്‌മാന് ടൂര്‍ണമെന്‍റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകും. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തിലെ ഇറങ്ങിയുള്ളൂവെങ്കിലും 46 രാജ്യാന്തര ട്വന്‍റി 20 മത്സരങ്ങളുടെ പരിചയം താരത്തിനുണ്ട്. 6.35 ഇക്കോണമിയില്‍ 59 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ളത് മുജീബിന്‍റെ മികവ് അടിവരയിടുന്നു. മുജീബിന് പകരം ഇടംകൈയന്‍ ഓപ്പണിംഗ് ബാറ്റര്‍ ഹസ്രത്തുള്ള സസായാണ് അഫ്‌ഗാന്‍റെ സ്ക്വാഡിലേക്ക് എത്തിയിരിക്കുന്നത്. സസായുടെ വരവ് ബാറ്റിംഗ് കരുത്ത് വര്‍ധിപ്പിക്കും എന്നാണ് പ്രതീക്ഷ. 

ടി20 ലോകകപ്പില്‍ സി ഗ്രൂപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാമതാണ് അഫ്‌ഗാനിസ്ഥാന്‍ നില്‍ക്കുന്നത്. ഉഗാണ്ടയെ 125 റണ്‍സ് തോല്‍പിച്ച് ലോകകപ്പ് പ്രയാണം തുടങ്ങിയ അഫ്‌ഗാന്‍ പിന്നാലെ ന്യൂസിലന്‍ഡിനെ 84 റണ്‍സിന് അട്ടിമറിച്ച് ഞെട്ടിച്ചിരുന്നു. മൂന്നാം മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയെ 7 വിക്കറ്റിനും അഫ്‌ഗാന്‍ പരാജയപ്പെടുത്തി. ജൂണ്‍ 17ന് അവസാന ഗ്രൂപ്പ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് അഫ്‌ഗാനിസ്ഥാന്‍റെ എതിരാളികള്‍. പോയിന്‍റ് പട്ടികയില്‍ രണ്ടാമത് നില്‍ക്കുന്ന വിന്‍ഡീസിനും കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്‍റുണ്ട്. ഇതിനാല്‍ വെസ്റ്റ് ഇന്‍ഡീസ്-അഫ്‌ഗാന്‍ മത്സരം ഗ്രൂപ്പ് സിയിലെ ജേതാക്കളെ നിശ്ചയിക്കും. നിലവില്‍ നെറ്റ് റണ്‍റേറ്റിന്‍റെ ആനുകൂല്യത്തിലാണ് അഫ്‌ഗാന്‍ തലപ്പത്ത് നില്‍ക്കുന്നത്. 

പുതുക്കിയ സ്ക്വാഡ്

റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, അസ്‌മത്തുള്ള ഒമര്‍സായ്, നജീബുള്ള സദ്രാന്‍, മുഹമ്മദ് ഇഷാഖ്, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, കരീം ജനാത്, നങ്‌ഗ്യാല്‍ ഖരോറ്റി, നൂര്‍ അഹമ്മദ്, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫറൂഖി, ഫരീദ് അഹമ്മദ് മാലിക്, ഹസ്രത്തുള്ള സസായ്. 

റിസര്‍വ് താരങ്ങള്‍- സേദിഖ് അടല്‍, സലീം സാഫി. 

Read more: ടിം സൗത്തി കൊടുങ്കാറ്റ്; പാവം ഉഗാണ്ടയെ എറിഞ്ഞൊതുക്കി ന്യൂസിലന്‍ഡിന് ആദ്യ ജയം, പക്ഷേ കാര്യമില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios