ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ഇരുട്ടടി; മുസ്തഫിസുറിനും ചാഹറിനും പിന്നാലെ മറ്റൊരു പേസർ കൂടി പുറത്ത്
പരിക്കേറ്റ ദീപക് ചാഹറിന് സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്നാണ് സൂചന. പരിക്കേറ്റ് മടങ്ങിയ പതിരാനയും തിരിച്ചെത്തിയില്ലെങ്കില്‍ ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ വെള്ളത്തിലാവും.
ധരംശാല: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താൻ പൊരുതുന്ന നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടിയായി സൂപ്പര്‍ പേസറുടെ പരിക്ക്. ഈ സീസണില്‍ ചെന്നൈയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന തുടയിലേറ്റ പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയ പതിരാനയുടെ പ്രകടനം പൊതുവെ ദുര്‍ബലമായ ചെന്നൈ ബൗളിംഗ് നിരക്ക് വലിയ മുതല്‍കൂട്ടായിരുന്നു. 7.68 എന്ന മികച്ച ഇക്കോണമിയും പതിരാനയെ മറ്റ് ബൗളര്‍മാരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു.
നേരത്തെ കഴിഞ്ഞ ആഴ്ച നടന്ന പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ തുടയില്‍ പരിക്കേറ്റ ദീപക് ചാഹര്‍ ഇന്ന് നടക്കുന്ന പഞ്ചാബ് കിംഗ്സിനെതിരായ റിട്ടേണ്‍ മത്സരത്തിലും പരിക്ക് ഭേദമാവാത്തതിനാല്‍ കളിക്കുന്നില്ല. പതിരാനയും ചാഹറും പുറത്തായതോടെ ചെന്നൈ ബൗളിംഗ് നിര കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്തു. തുഷാര്‍ ദേശ്പാണ്ഡെ ഫോമിലേക്ക് ഉയര്‍ന്നത് മാത്രമാണ് ചെന്നൈക്ക് ആശ്വാസമായുള്ളത്.
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുക 20 കോടി, ടി20 ലോകകപ്പില്‍ കിരീടം നേടിയാല്‍ എത്ര കിട്ടും
പരിക്കേറ്റ ദീപക് ചാഹറിന് സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്നാണ് സൂചന. പരിക്കേറ്റ് മടങ്ങിയ പതിരാനയും തിരിച്ചെത്തിയില്ലെങ്കില്‍ ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ വെള്ളത്തിലാവും. ടീമിലെ മറ്റൊരു വിദേശ പേസറായ മുസ്തഫിസുര്‍ റഹ്മാന്‍ സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ ബംഗ്ലാദേശിനായി കളിക്കാന്‍ പോകുക കൂടി ചെയ്തതോടെ മൂന്ന് മുന്‍നിര പേസര്‍മാരില്ലാതെ ചെന്നൈ പ്ലേ ഓഫിലെത്താന്‍ മത്സരിക്കേണ്ടിവരിക. ഒമ്പത് മത്സരങ്ങളില്‍ 14 വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുറും 13 വിക്കറ്റ് വീഴ്ത്തിയ പതിരാനയുമായിരുന്നു ചെന്നൈയുടെ ബൗളിംഗ് കുന്തമുനകള്‍.
പതിരാനയുടെ അഭാവത്തില്‍ റിച്ചാര്‍ഡ് ഗ്ലീസണ്‍ തന്നെയാണ് ഇന്നും ചെന്നൈയുടെ പ്ലേയിംഗ് ഇലവനില്‍ തുടരുന്നത്. സീസണില്‍ ആദ്യമായി സ്പിന്നര്‍ മിച്ചല്‍ സാന്‍റ്നര്‍ക്കും ചെന്നൈയുടെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചു. ഷാര്‍ദ്ദുല്‍ ഠാക്കൂറാണ് ടീമിലെ മറ്റൊരു പേസര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക