പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ടീം ഇന്ത്യയെ ഓറഞ്ച് ജേഴ്സി ധരിക്കാൻ ബിസിസിഐ നിര്‍ബന്ധിച്ചു; വെളിപ്പെടുത്തൽ
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രാഷ്ട്രീയ താല്‍പര്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ ബിസിസിഐ നേതൃത്വം നടത്തിയ ശ്രമങ്ങളാണ് ശാരദ ഉഗ്ര വെളിപ്പെടുത്തുന്നത്.
ചെന്നൈ: 2023ലെ ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ ടീമിന്‍റെ ജേഴ്സി മാറ്റാൻ ബിസിസിഐ ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തിൽ ഓറഞ്ച് നിറത്തിലുള്ള ജേഴ്സി ധരിക്കാൻ നിർബന്ധിച്ചതായി പ്രമുഖ സ്പോർട്സ് റിപ്പോർട്ടർ ശാരദ ഉഗ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ കളിക്കാർഎതിർത്തോടെ നീക്കം ഉപേക്ഷിച്ചുവെന്നും ശാരദ ഉഗ്ര വ്യക്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രാഷ്ട്രീയ താല്‍പര്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ ബിസിസിഐ നേതൃത്വം നടത്തിയ ശ്രമങ്ങളാണ് ശാരദ ഉഗ്ര വെളിപ്പെടുത്തുന്നത്. ലോകകപ്പിൽ പതിവ് നീലനിറത്തിലുള്ള ജേഴ്സിക്കൊപ്പം , പരിശീലന സെഷനുകളിലും യാത്രയിലും ഉപയോഗിക്കാനായി ഓറഞ്ച് നിറത്തിലുള്ള ജേഴ്സിയും ബിസിസിഐ നൽകിയിരുന്നു. പിന്നാലെ പാകിസ്ഥാനെതിരായ മത്സരത്തിന് രണ്ട് ദിവസം മുൻപ് ഓറഞ്ച് നിറത്തിലുള്ള ജേഴ്സിയും ബിസിസിഐ കൈമാറി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിത്തിൽ, പച്ച നിറത്തിലുളള ജേഴ്സിയുമായി പാക് ടീമും ഓറഞ്ച് നിറത്തിലുള്ള ജേഴ്സി ധരിച്ച് ഇന്ത്യൻ താരങ്ങളും കളിക്കണമെന്നായിരുന്നു നിർദേശം എന്നാൽ ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശം സ്വീകാര്യമായില്ല. ഹോളണ്ട് ജേഴ്സിക്ക് സമാനമാണ് എന്ന പരാതിയാണ് ചില കളിക്കാർ പറഞ്ഞത്. മറ്റ് ചിലരാകട്ടെ ടീമിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന നിർദ്ദേശമല്ല ഇതെന്നും അഭിപ്രായപ്പെട്ടു.
2019 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ ഉപയോഗിച്ച നീലയും ഓറഞ്ചും കലർന്ന ജേഴ്സി ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ലേലത്തിൽ നൽകിയിരുന്നു. ഇതിന് സമാനമായ നടപടിയെന്നാണ് ഐസിസിയെ ബിസിസിഐ അറിയിച്ചിരുന്നതെന്നും ശാരദ പറയുന്നു. ബിസിസിഐ നിർദ്ദേശം തള്ളി നീലജേഴ്സിയിൽ തന്നെ കളിച്ച ഇന്ത്യൻ ടീം ഫൈനലിൽ എത്തിയിരുന്നു. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജേഴ്സി കഴിഞ്ഞ ദിവസം പുറത്തുവിട്ടപ്പോഴും കൈകളില്‍ ഓറഞ്ച് നിറം കൂടിയത് ആരാധകര്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക