ഫീല്‍ഡിംഗ് കോച്ചായി ജോണ്ടി റോഡ്സ് വേണ്ട, പരിശീലക സംഘത്തില്‍ ഇന്ത്യക്കാര്‍ മാത്രം മതിയെന്ന് ബിസിസിഐ

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സില്‍ മെന്‍ററായിരുന്ന ഗംഭീറിനൊപ്പം ഫീല്‍ഡിംഗ് പരിശീലകനായിരുന്നു റോഡ്സ്. റോഡ്സിനെ പരിഗണിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി

BCCI rejects Gautam Gambhir's proposal Jonty Rhodes as Indian Fielding Coach

മുംബൈ: ഇന്ത്യയുടെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതിന് പിന്നാലെ സഹപരിശീലകര്‍ക്കായുള്ള അന്വേഷണത്തിലാണ് ബിസിസിഐ. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരായി പല പ്രമുഖ താരങ്ങളുടെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ബിസിസിഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. തന്‍റെ സഹ പരിശീലകനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായരെ വേണമെന്ന ഗൗതം ഗംഭീറിന്‍റെ ആവശ്യം ബിസിസിഐ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

എന്നാല്‍ ബൗളിംഗ് പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാറിന്‍റെ പേര് ഗംഭീര്‍ മുന്നോട്ട് വെച്ചെങ്കിലും ബിസിസിഐ ഇത് തള്ളിയിരുന്നു. പകരം മുന്‍ ഇന്ത്യന്‍ പേസറായ സഹീര്‍ ഖാനെയും ലക്ഷ്മിപതി ബാലാജിയെയുമാണ് ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് ഇപ്പോള്‍ പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഫീല്‍ഡിംഗ് പരിശീലകനായി മുൻ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സിന്‍റെ പേര് ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചെങ്കിലും ഇതും ബിസിസിഐ തള്ളിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വിടവാങ്ങല്‍ ടെസ്റ്റില്‍ റെക്കോര്‍ഡിട്ട് ആന്‍ഡേഴ്സണ്‍, വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് ഇന്നിംഗ്സ് ജയത്തിലേക്ക്

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സില്‍ മെന്‍ററായിരുന്ന ഗംഭീറിനൊപ്പം ഫീല്‍ഡിംഗ് പരിശീലകനായിരുന്നു റോഡ്സ്. റോഡ്സിനെ പരിഗണിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്ററ് റൈഡേഴ്സ് ഫീല്‍ഡിംഗ് പരിശീലകനായ റിയാന്‍ ടെന്‍ ഡോഷെറ്റെയുടെ പേര് ഗംഭീര്‍ മുന്നോട്ടുവെച്ചെങ്കിലും പരിശീലകനും സഹ പരിശീലകരും ഇന്ത്യക്കാര്‍ തന്നെ മതിയെന്ന നിലപാടിലാണ് ബിസിസിഐ. ഇതിനിടെ ദ്രാവിഡിന് കീഴില്‍ ഫീല്‍ഡിംഗ് പരിശീലകനായിരുന്ന ടി ദിലീപിനെ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവും ബിസിസിഐക്ക് മുന്നിലുണ്ട്.

ടെസ്റ്റിൽ 400 റൺസടിക്കാന്‍ സാധ്യതയുള്ള 4 താരങ്ങളുടെ പേരുമായി ബ്രയാന്‍ ലാറ, രണ്ട് ഇന്ത്യൻ താരങ്ങളും ലിസ്റ്റില്‍

കഴിഞ്ഞ ഏഴ് വര്‍ഷമായി പരിശീലക സംഘത്തില്‍ ഇന്ത്യക്കാരെ മാത്രമാണ് ബിസിസിഐ പരിഗണിക്കുന്നത്. 2014ല്‍ ഡങ്കന്‍ ഫ്ലെച്ചറാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ അവസാന വിദേശ പരിശീലകന്‍. അതിനുശേഷം അനില്‍ കുംബ്ലെ, രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് എന്നിവരെയാണ് ബിസിസിഐ പരിശീലകരാക്കിയത്. ജോണ്ടി റോഡ്സ് ഫീല്‍ഡിംഗ് പരിശീലകനാവാനുള്ള സാധ്യത മങ്ങിയതോടെ ടി ദിലീപിനെ തന്നെ ഫീല്‍ഡിംഗ് പരിശീലകനായി നിലനിര്‍ത്താനുള്ള സാധ്യതയും കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യൻ താരങ്ങളുടെ ഫീല്‍ഡിംഗ് മെച്ചപ്പെടുത്താനായി ടി ദിലീപ്  നടപ്പാക്കിയ ഓരോ മത്സരത്തിലെയും ബെസ്റ്റ് ഫീല്‍ഡര്‍ മെഡല്‍ പുരസ്കാരം കളിക്കാരുടെ ഫീല്‍ഡിംഗ് നിലവാരം ഉയര്‍ത്തുന്നതില്‍  നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് ഗംഭീറിന്‍റെ സഹ പരിശീലകരെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios