Kohli vs Ganguly : വിരാട് കോലിയുടെ കടുത്ത ആരോപണങ്ങള്‍; ഒടുവില്‍ മൗനം വെടിഞ്ഞ് സൗരവ് ഗാംഗുലി
ടി20 നായകപദവി ഒഴിയുന്ന കാര്യം പറഞ്ഞപ്പോള്‍ ബിസിസിഐയിലെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്യുകയായിരുന്നു എന്ന് വിരാട് കോലി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു
കൊല്‍ക്കത്ത: വിരാട് കോലിയുമായി (Virat Kohli) ബന്ധപ്പെട്ട ക്യാപ്റ്റന്‍സി വിവാദം കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ശീതയുദ്ധം പടര്‍ത്തുകയാണ്. ബിസിസിഐ (BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കെതിരെ (Sourav Ganguly) ഒളിയമ്പ് എയ്‌ത് വിരാട് കോലി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കോലി ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഗാംഗുലി.
ടി20 നായകപദവി ഒഴിയുന്ന കാര്യം പറഞ്ഞപ്പോള്‍ ബിസിസിഐയിലെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്യുകയായിരുന്നു എന്ന് വിരാട് കോലി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ദാദയുടെ പ്രതികരണം ഇങ്ങനെ. 'ഒന്നും പറയാനില്ല, എന്നാല്‍ ഇക്കാര്യം ബിസിസിഐ പരിശോധിക്കുന്നുണ്ട്'.
ബിസിസിഐ നടത്തിയ ആശയവിനിമയത്തില്‍ വിള്ളലുണ്ടായതായി കോലിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു. നായക മാറ്റവുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നടത്തിയ പ്രതികരണങ്ങള്‍ കോലി വാര്‍ത്താസമ്മേളനത്തില്‍ തള്ളി. ടി20 നായകപദവിയില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ബിസിസിഐ അംഗങ്ങള്‍ ഒന്നടങ്കം സ്വാഗതം ചെയ്യുകയായിരുന്നു എന്നാണ് കോലി പറഞ്ഞത്. എന്നാല്‍ സ്ഥാനം ഒഴിയരുത് എന്ന് കോലിയോട് അഭ്യര്‍ഥിച്ചിരുന്നു എന്നായിരുന്നു മുമ്പ് ഗാംഗുലി പറഞ്ഞിരുന്നത്.
ഏകദിന പദവി നഷ്‌ടമായതിലും ഗാംഗുലിയുടെ വിശദീകരണത്തില്‍ നിന്ന് വിഭിന്നമായ മറുപടിയാണ് കോലി നല്‍കിയത്. 'ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ തീരുമാനിക്കാന്‍ സെലക്‌ടര്‍മാര്‍ യോഗം വിളിച്ചിരുന്നു. ഒന്നര മണിക്കൂറോളം യോഗം നീണ്ടുനിന്നു. നിങ്ങളെ ഞങ്ങള്‍ ഏകദിന നായകസ്ഥാനത്തുനിന്ന് നീക്കുകയാണ് എന്ന് യോഗത്തിന്‍റെ അവസാനം മുഖ്യ സെലക്‌ടര്‍ പറഞ്ഞു. രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാക്കുകയാണ്. ശരി എന്ന മറുപടി മാത്രമാണ് താന്‍ നല്‍കിയത്. ക്യാപ്റ്റന്‍സി മാറ്റുന്ന തീരുമാനം അറിഞ്ഞത് പ്രഖ്യാപനത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ്' എന്നുമായിരുന്നു കോലിയുടെ വാക്കുകള്‍.
എന്നാല്‍ നായകസ്ഥാനം രോഹിത്തിന് കൈമാറുന്നതിന് മുമ്പ് കോലിയുമായി താനും മുഖ്യ സെലക്‌ടറും സംസാരിച്ചിരുന്നു എന്നായിരുന്നു ഗാംഗുലി നേരത്തെ അവകാശപ്പെട്ടിരുന്നത്. അതേസമയം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മയ്‌ക്ക് കീഴില്‍ കളിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ കോലി സ്ഥിരീകരിച്ചു.