അവസാന നിമിഷം ഗംഭീറും അഗാർക്കറും ഇടപെട്ടു, ഇഷാൻ കിഷൻ ദുലീപ് ട്രോഫി ടീമിലെത്തി; അർധ സെഞ്ചുറിയുമായി തിരിച്ചുവരവ്
ഇതിന് പിന്നാലെയാണ് ഡി ടീമിലുണ്ടായിരുന്ന ഇഷാൻ കിഷനെ ഇന്ത്യ സി ടീമിന്‍റെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഗംഭീറും അഗാര്‍ക്കറും നിര്‍ദേശം നല്‍കിയത്.
അനന്തപൂര്‍: ദുലീപ് ട്രോഫി രണ്ടാം റൗണ്ട് പോരാട്ടത്തിന് ഇന്ന് തുടക്കമായപ്പോള്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ അവസാന നിമിഷം ഇന്ത്യ സിയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിച്ചത് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന്‍റെയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെയും ഇടപെടല്‍മൂലമെന്ന് റിപ്പോര്‍ട്ട്. ദുലീപ് ട്രോഫി ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്ന് പരിക്കുമൂലം ഇഷാന്‍ കിഷന്‍ വിട്ടുനിന്നിരുന്നു. പകരം സഞ്ജു സാംസണെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിലുള്‍പ്പെടുത്തുകയും ചെയ്തു.
ബംഗ്ലാദേശിനെിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ നിരവധി താരങ്ങള്‍ ദുലീപ് ട്രോഫിയില്‍ നിന്ന് വിട്ടുനിന്നതോടെ കഴിഞ്ഞ ദിവസം ബിസിസിഐ ദുലീപ് ട്രോഫി രണ്ടാം റൗണ്ട് മത്സരത്തിനുള്ള പുതുക്കിയ ടീം ലിസ്റ്റ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിൽ ഏതിലും ഇഷാന്‍ കിഷന്‍റെ പേരുണ്ടായിരുന്നില്ല. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ കിഷനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ‘Bring back Ishan Kishan’ ക്യാംപെയിന്‍ ആരാധകര്‍ തുടങ്ങിയത്.
ഇതിന് പിന്നാലെയാണ് ഡി ടീമിലുണ്ടായിരുന്ന ഇഷാൻ കിഷനെ ഇന്ത്യ സി ടീമിന്‍റെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഗംഭീറും അഗാര്‍ക്കറും നിര്‍ദേശം നല്‍കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആര്യന്‍ ജുയാലിന് പകരമാണ് കിഷനെ സി ടീമിലെടുത്തത്. ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന കിഷന്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ടീമിലുമുണ്ടായിരുന്നു.
എന്നാല്‍ ലോകകപ്പിന് ശേഷം നടത്തിയ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങിയ കിഷന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയാറാവാത്തതിനെത്തുടര്‍ന്ന് ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കിയിരുന്നു. കഴിഞ്ഞ മാസം നടന്ന ബുച്ചി ബാബു ക്രിക്കറ്റിലൂടെ ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തിയ കിഷന് ദുലീപ് ട്രോഫിയില്‍ കളിപ്പിക്കാതിരുന്നതിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു.
രാജ്യാന്തര ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; അപൂര്‍വ നേട്ടത്തിനരികെ വിരാട് കോലി
അവസാന നിമിഷത്തെ ട്വിസ്റ്റില്‍ ടീമിലെത്തി കിഷന്‍ 48 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് തിരിച്ചുവരവ് ആഘോഷമാക്കി. 13 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതാണ് കിഷന്‍റെ ഇന്നിംഗ്സ്. ഇന്ത്യ ബിക്കെതിരെ ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന ഇന്ത്യ സി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന ശക്തമായ നിലയിലാണ്. 97 പന്തില്‍ 86 റണ്‍സുമായി ക്രീസിലുളള കിഷനൊപ്പം അര്‍ധസെഞ്ചുറിയുമായി ബാബാ ഇന്ദ്രജിത്തും ക്രീസിലുണ്ട്.