ഇഷാൻ കിഷനും റുതുരാജിനും ഇടമില്ല; ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

കെ എല്‍ രാഹുലിനെ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും ഒരിക്കല്‍ കൂടി രാഹുലില്‍ സെലക്ടര്‍മാര്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

BCCI announces Indian Squad for 2nd Test vs Bangladesh, retain same squad

ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ ആധികാരിക ജയത്തിന് പിന്നാലെ 27ന് കാൺപൂരില്‍ തുടങ്ങുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ചെന്നൈയില്‍ ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ സെലക്ടര്‍മാര്‍ തയാറായില്ല. ദുലീപ് ട്രോഫി മത്സരങ്ങളിലെ പ്രകടനം വിലയിരുത്തിയെങ്കിലും ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ മാറ്റം വരുത്തേണ്ടെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ഇതോടെ ദുലീപ് ട്രോഫിയില്‍ മിന്നിയ മലയാളി താരം സഞ്ജു സാംസണും ടെസ്റ്റ് ടീമില്‍ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ശ്രേയസ് അയ്യര്‍ക്കും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനുമൊന്നും ടെസ്റ്റ് ടീമില്‍ ഇടം നേടാനായില്ല. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെല്‍ തുടരുമ്പോള്‍ ആദ്യ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന സര്‍ഫറാസ് ഖാനും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

92 വര്‍ഷത്തിനിടെ ആദ്യം, തോൽവികളെ പിന്നിലാക്കി ഇന്ത്യ, ടെസ്റ്റ് വിജയങ്ങളിൽ ഒരടി മുന്നിൽ; റെക്കോർഡുമായി അശ്വിൻ

കെ എല്‍ രാഹുലിനെ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും ഒരിക്കല്‍ കൂടി രാഹുലില്‍ സെലക്ടര്‍മാര്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ റിഷഭ് പന്ത് സെഞ്ചുറിയുമായി മടങ്ങിവരവ് ആഘോഷാക്കിയതിലൂടെ ഇഷാന്‍ കിഷനും സഞ്ജു സാംസണുമുള്ള സാധ്യതകള്‍ പൂര്‍ണമായും അടയുകയും ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ നിരാശപ്പെടുത്തിയെങ്കിലും ശുഭ്മാൻ ഗില്‍ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയത് സെലക്ടര്‍മാരുടെ ജോലി എളുപ്പമാക്കി.

ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ എൽ രാഹുൽ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്, മുഹമ്മദ് സിറാജ് സർഫറാസ് ഖാൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ധ്രുവ് ജുറേൽ, യാഷ് ദയാൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios