മർദ്ദനമേറ്റെന്ന ബംഗ്ലാദേശ് സൂപ്പർ ഫാൻ 'ടൈഗർ റോബി'യുടെ പരാതിയില്‍ ട്വിസ്റ്റ്; കുഴഞ്ഞുവീണത് നിർജ്ജലീകരണം മൂലം
ആദ്യ ടെസ്റ്റിനിടെ തമിഴ് ആരാധകര്‍ തന്നെ ചീത്തവിളിച്ചുവെന്ന് ആരോപിച്ച റോബി എന്നാല്‍ തനിക്ക് ഒറ്റ തമിഴ് വാക്കുപോലും അറിയില്ലെന്ന് പിന്നീട് സമ്മതിച്ചു
കാണ്‍പൂര്‍: കാണ്‍പൂര്‍ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകര്‍ മര്‍ദ്ദിച്ചുവെന്ന ബംഗ്ലാദേശ് ആരാധകൻ ടൈഗര്‍ റോബിയുടെ ആരോപണം തള്ളി പോലീസ്. തന്നെ സ്റ്റേഡിയത്തില്‍വെച്ച് ഒരു സംഘം ആരാധകര്‍ മര്‍ദ്ദിച്ചുവെന്നും പുറത്തും അടിവയറ്റിലും ചവിട്ടേറ്റെന്നുമായിരുന്നു റോബിയുടെ പരാതി. സ്റ്റേഡിയത്തില്‍ കുഴഞ്ഞുവീണ ഇയാളെ കാണ്‍പൂര്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥനും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ റോബി കുഴഞ്ഞുവീണത് മര്‍ദ്ദന്നമേറ്റിട്ടിട്ടല്ലെന്നും നിർജ്ജലീകരണം കാരണമാണെന്നും കാണ്‍പൂര്‍ പോലീസ് വ്യക്തമാക്കി.സ്റ്റേഡിയത്തില്‍വെച്ചു തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയ റോബിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മര്‍ദ്ദനമേറ്റെന്ന പരാതി റോബി നിഷേധിച്ചുവെന്നും കല്യാണ്‍പൂര്‍ അസി. കമ്മീഷണര്‍ അഭിഷേക് പാണ്ഡെ പ്രതികരിച്ചു. മത്സരം നടക്കുന്നതിനിടെ ടൈഗര്‍ റോബിയെന്ന ആരാധകന്‍ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്നും അടിയന്തര വൈദ്യസഹായം നല്‍കിയശേഷം ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും പറഞ്ഞ അഭിഷേക് പാണ്ഡെ സഹായത്തിനായി ഒരാളെ ആശുപത്രിയില്‍ നിര്‍ത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഇയാള്‍ക്ക് മര്‍ദ്ദനമേറ്റെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും പൊലിസ് അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായെന്നും പാണ്ഡെ പറഞ്ഞു.
Tiger Robi said, "my health deteriorated and Kanpur police brought me to the hospital and I am being treated". pic.twitter.com/rJTywLNvCH
— Mufaddal Vohra (@mufaddal_vohra) September 27, 2024
ബംഗ്ലാദേശിന്‍റെ എല്ലാ മത്സരങ്ങള്‍ക്കും സ്റ്റേഡിയത്തില്‍ എത്താറുള്ള ടൈഗര്‍ റോബിയെന്ന ഇയാള്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി പലപ്പോഴും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളാണെന്നും ഇന്ത്യൻ താരങ്ങളെക്കുറിച്ച് മുമ്പ് മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകനും വ്യക്തമാക്കി. ആദ്യ ടെസ്റ്റിനിടെ തമിഴ് ആരാധകര്‍ തന്നെ ചീത്തവിളിച്ചുവെന്ന് ആരോപിച്ച റോബി എന്നാല്‍ തനിക്ക് ഒറ്റ തമിഴ് വാക്കുപോലും അറിയില്ലെന്ന് പിന്നീട് സമ്മതിച്ചുവെന്നും ബിസിസിഐയെ ഉദ്ധരിച്ച് റേവ് സ്പോര്‍ട്സും റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേഡിയത്തില്‍ വെച്ച് മര്‍ദ്ദനമേറ്റ തനിക്ക് ശ്വാസമെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് റോബി പരാതിപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക