അഫ്ഗാനിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ നാടകീയമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് നായകന്‍
ബംഗ്ലാദേശ് ഏകദിന ടീമിന്‍റെ നായകനായ 34കാരനായ തമീം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും ടീമിനെ നയിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പൊടുന്നനെയുള്ള വിരമിക്കല്‍ പ്രഖ്യാപനം.
ധാക്ക: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് നാടകീയമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ടീം നായകന്‍ തമീം ഇക്ബാല്‍. ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് തമീം ഇക്ബാല്‍ വാര്‍ത്താസമ്മേളനം വിളിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അഫ്ഗാനെതിരായ മത്സരം തോറ്റതിന് പിന്നാലെ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വികാരഭരിതനായ തമീമിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം.
ബംഗ്ലാദേശ് ഏകദിന ടീമിന്‍റെ നായകനായ 34കാരനായ തമീം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും ടീമിനെ നയിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പൊടുന്നനെയുള്ള വിരമിക്കല്‍ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ നിന്നും ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും തമീം വിരമിച്ചിരുന്നു. ടെസ്റ്റില്‍ ഏപ്രിലില്‍ അയര്‍ലന്‍ഡിനെതിരെ ആണ് തമീം അവസാനമായി കളിച്ചത്.
2007 ഫെബ്രുവരിയില്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ തമീം ആ വര്‍ഷം നടന്ന ഏകദിന ലോകപ്പില്‍ ഇന്ത്യയെ അട്ടിമറിച്ച ബംഗ്ലാദേശ് ടീമില്‍ അര്‍ധസെഞ്ചുറിയിമായി തിളങ്ങിയാണ് വരവറിയിച്ചത്. 241 ഏകദിനങ്ങളില്‍ 14 സെഞ്ചുറി ഉള്‍പ്പെടെ 8313 റണ്‍സ് നേടിയിട്ടുള്ള തമീം ഏകദിനങ്ങളില്‍ ബംഗ്ലാദേശിന്‍റെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാണ്. ഏകദിന ക്രിക്കറ്റില്‍ സമകാലീനരായ കളിക്കാരില്‍ വിരാട് കോലിയും രോഹിത് ശര്‍മയും മാത്രമാണ് തമീമീന് മുുന്നിലുള്ളു.
ബെയര്‍സ്റ്റോയെ റണ്ണൗട്ടാക്കിയത് വെറുതെയല്ല, ക്രീസ് വിട്ട് നടക്കാനിറങ്ങുന്നത് സ്ഥിരം പരിപാടി-വീഡിയോ
70 ടെസ്റ്റില്‍ 10 സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും അടക്കം 5134 റണ്‍സും ടി20 ക്രിക്കറ്റില്‍ 78 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയും അടക്കം 1758 റണ്‍സും തമീം നേടി. ഇന്നലെ നടന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മഴനിയമത്തിന്‍റെ ബലത്തിലാണ് അഫ്ഗാന്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 43 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തപ്പോള്‍ അഫ്ഗാന്‍ 21.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്ത് നില്‍ക്കെ മഴയെത്തി മത്സരം നിര്‍ത്തിവെക്കുകയും ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാന്‍ 17 റണ്‍സിന് ജയിക്കുകയുമായിരുന്നു. മത്സരത്തില്‍ ബംഗ്ലാദേശിനായി ഓപ്പണറായി ഇറങ്ങിയ തമീം 21 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായിരുന്നു.