തിലക് വര്‍മയ്ക്കിത് എന്തുപറ്റി? വിജയ് ഹസാരെയില്‍ തുടര്‍ച്ചായി പൂജ്യത്തിന് പുറത്ത്, ഇത്തവണ മുംബൈക്കെതിരെ
രണ്ട് മത്സരങ്ങളിലും റണ്‍സെടുക്കാതെ പുറത്താവുകയായിരുന്നു താരം. മൂന്നാമനായിട്ടാണ് താരം ക്രീസിലെത്തുന്നത്.
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു തിലക് വര്‍മ. തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയ തിലക് പരമ്പരയിലെ താരവുമായി. പിന്നാലെ നടന്ന സയ്യിദ് മുഷ്താഖ് ടി20യില്‍ ഹൈദരാബാദിന് വേണ്ടിയും താരം ഗംഭീര പ്രകടനം പുറത്തെടുത്തു. റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലുണ്ടായിരുന്നു ഹൈദരാബാദ് ക്യാപ്റ്റന്‍. പിന്നാലെ വിജയ് ഹസാരെ ട്രോഫിക്കുള്ള ഹൈദരാബാദ് ടീമിനെ നയിക്കാനുള്ള അവസരവും തിലകിന് വന്നുചേര്‍ന്നു. എന്നാല്‍ ആദ്യ രണ്ട് മത്സരം കഴിയുമ്പോള്‍ തിലകിന്റെ ബാറ്റിംഗ് പ്രകടനം അത്ര നല്ലതല്ല.
രണ്ട് മത്സരങ്ങളിലും റണ്‍സെടുക്കാതെ പുറത്താവുകയായിരുന്നു താരം. മൂന്നാമനായിട്ടാണ് താരം ക്രീസിലെത്തുന്നത്. ആദ്യ മത്സരത്തില്‍ നാഗാലാന്‍ഡിനെതിരെ നേരിട്ട മൂന്നാം പന്തില്‍ തന്നെ തിലക് റണ്‍സെടുക്കാതെ പുറത്തായി. ഇന്ന് മുംബൈക്കെതിരായ മത്സരത്തിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. നേരിട്ട പന്തുകളുടെ എണ്ണം രണ്ടായി കുറഞ്ഞെന്ന് മാത്രം. തിലക് നിരാശപ്പെടുത്തിയപ്പോള്‍ 38.1 ഓവറില്‍ കേവലം 169 റണ്‍സിന് ഹൈദരാബാദ് എല്ലാവരും പുറത്തായി.
ബട്‌ലര്‍ നയിക്കും, റൂട്ട് ടീമില്‍! ഇന്ത്യന്‍ പര്യടനത്തിന് ശക്തമായ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
64 റണ്‍സെടുത്ത ഓപ്പണര്‍ തന്‍മയ് അഗര്‍വാളാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. അരവെല്ലി അവനിഷ് 52 റണ്‍സെടുത്തു. അഗര്‍വാള്‍ - അഭിരാത് റെഡ്ഡി (35) സഖ്യം മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. ഇരുവരും 85 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഭിരാതിനെ പുറത്താക്കി അഥര്‍വ അങ്കോളേക്കര്‍ മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. തൊട്ടടുത്ത പന്തില്‍ തിലകും മടങ്ങി. വരുണ്‍ (1), രോഹിത് റായുഡു (1) എന്നിവരും നിരാശപ്പെടുത്തിയതോടെ നാലിന് 87 എന്ന നിലയിലായി ഹൈദരാബാദ്.
തുടര്‍ന്ന് അവനിഷ് - അഗര്‍വാള്‍ സഖ്യം 37 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഗര്‍വാള്‍ മടങ്ങിയതോടെ ഹൈദാരാബാദ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. അജയ് ദേവ് ഗൗഡ് (7), തനയ് ത്യാഗരാജന്‍ (1), മിലിന്ദ് (3), മുദാസര്‍ (1) എന്നിവര്‍ വന്നത് പോലെ മടങ്ങി. മുംബൈക്ക് വേണ്ടി അഥര്‍വ നാല് വിക്കറ്റ് വീഴ്ത്തി. ആയുഷ് മാത്രെയ്ക്ക് മൂന്ന് വിക്കറ്റുണ്ട്.