ബിഗ് ബാഷ് ഐപിഎല്ലിനേക്കാള്‍ മികച്ചതെന്ന് ബാബര്‍ അസം; ട്രോളി ഹര്‍ഭജന്‍ സിംഗ്
പിഎസ്എല്ലില്‍ ബാബര്‍ അസം ഇന്നലെ പെഷവാര്‍ സല്‍മിക്കായി 39 പന്തില്‍ 64 റണ്‍സുമായി വിജയ ഫിഫ്റ്റി നേടിയിരുന്നു
ലാഹോര്‍: ലോകത്തെ ഏറ്റവും മികച്ച ട്വന്‍റി 20 ക്രിക്കറ്റ് ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആരാധക പിന്തുണയിലും പണക്കൊഴുപ്പിലും ഐപിഎല്ലിനെ വെല്ലാനൊരു ഫ്രാഞ്ചൈസി ക്രിക്കറ്റ് ലോകത്തില്ല. എന്നാല്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം പറയുന്നത് ഐപിഎല്ലിനേക്കാള്‍ മികച്ച ടി20 ലീഗാണ് ബിഗ് ബാഷ് എന്നാണ്. ഈ അഭിപ്രായത്തോട് ഇന്ത്യന്‍ സ്‌പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം ശ്രദ്ധേയമായി.
ഐപിഎല്ലാണോ ബിഗ് ബാഷാണോ ഏറ്റവും കൂടുതല്‍ ഇഷ്‌ടം എന്നായിരുന്നു ബാബര്‍ അസമിനോടുള്ള ചോദ്യം. ഇതിനോട് താരത്തിന്‍റെ മറുപടി ഇങ്ങനെ...ഓസ്ട്രേലിയയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. വേഗമേറിയ അവിടുത്തെ പിച്ചുകളില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. ഐപിഎല്ലില്‍ സമാന ഏഷ്യന്‍ സാഹചര്യമാണ് നിങ്ങള്‍ക്ക് കിട്ടുക. ഇതിന് ചിരിക്കുന്ന ഇമോജിയോടെയായിരുന്നു ഭാജിയുടെ പ്രതികരണം. നിലവില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുവാദമില്ല. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ബാബര്‍ അസം ഇപ്പോള്‍.
പിഎസ്എല്ലില്‍ ബാബര്‍ അസം ഇന്നലെ പെഷവാര്‍ സല്‍മിക്കായി 39 പന്തില്‍ 64 റണ്‍സുമായി വിജയ ഫിഫ്റ്റി നേടിയിരുന്നു. അര്‍ധസെഞ്ചുറി തികച്ചതോടെ ടി20 ക്രിക്കറ്റില്‍ അതിവേഗം 9000 റണ്‍സ് തികക്കുന്ന ബാറ്ററെന്ന നേട്ടം ബാബര്‍ സ്വന്തമാക്കി. 245 ഇന്നിംഗ്സില്‍ നിന്നാണ് ബാബര്‍ 9000 റണ്‍സ് പിന്നിട്ടത്. വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ 249 ഇന്നിംഗ്സില്‍ 9000 റണ്‍സ് നേടിയതിന്‍റെ റെക്കോര്‍ഡാണ് ബാബര്‍ ഇന്നലെ മറികടന്നത്. 271 ഇന്നിംഗ്സില്‍ 9000 റണ്‍സ് പിന്നിട്ട ഇന്ത്യന്‍ താരം വിരാട് കോലിയാണ് പട്ടികയില്‍ മൂന്നാമത്. 273 ഇന്നിംഗ്സില്‍ 9000 തികച്ച ഡേവിഡ് വാര്‍ണര്‍ ആണ് നാലാം സ്ഥാനത്ത്. പിഎസ്എല്‍ സീസണില്‍ ബാബറിന്‍റെ അഞ്ചാം അര്‍ധസെഞ്ചുറിയായിരുന്നു ഇത്.
ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡും അടിച്ചെടുത്ത് ബാബര്‍, കോലിയെയും പിന്നിലാക്കി കുതിപ്പ്