മുംബൈ ടെസ്റ്റില്‍ റിഷഭ് പന്തിന്‍റെ പുറത്താകലില്‍ വിവാദം, അത് ശരിക്കും ഔട്ട് ആണോ എന്ന് ചോദിച്ച് ഡിവില്ലിയേഴ്സ്

റിഷഭ് പന്തിന്‍റെ ബാറ്റിന് സമീപത്തുകൂടി പന്ത് കടന്നു പോകുന്ന സമയത്ത് തന്നെ ബാറ്റ് പാഡിലും തട്ടിയിരുന്നു. ഈ ശബ്ദമാകാം സ്നിക്കോ മീറ്ററില്‍ കാണിച്ചതെന്നാണ് ഒരു വാദം.

B de Villiers not happy with Rishabh Pant's Controversial Dismissal In 3rd Test vs New Zealand

മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ റിഷഭ് പന്തിന്‍റെ പുറത്താകലില്‍ വിവാദം. അജാസ് പട്ടേലിന്‍റെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ കയറി പ്രതിരോധിച്ച റിഷഭ് പന്തിന്‍റെ പാഡില്‍ തട്ടി ഉയര്‍ന്ന പന്ത് വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ ക്യാച്ചെടുത്തിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡ് തീരെ ആത്മവിശ്വാസമില്ലാതെയാണ് ക്യാച്ച് ഔട്ടിനായി അപ്പീല്‍ ചെയ്തത്. അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത് അപ്പീല്‍ നിരസിക്കുകയും ചെയ്തു. പിന്നീട് അജാസ് പട്ടേലിന്‍റെ നിര്‍ബന്ധത്തില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റൻ ടോം ലാഥം റിവ്യു എടുത്തു. ന്യൂസിലന്‍ഡ് റിവ്യു എടുത്തപ്പോഴും ചെറു ചിരിയോടെ ആത്മവിശ്വാസത്തോടെയാണ് റിഷഭ് പന്ത് ക്രീസില്‍ നിന്നത്.

എന്നാല്‍ റിവ്യുവില്‍ അജാസ് പട്ടേലെറിഞ്ഞ പന്ത്, റിഷഭ് പന്തിന്‍റെ ബാറ്റിലുരഞ്ഞുവെന്നായിരുന്നു സ്നിക്കോ മീറ്ററില്‍ കാണിച്ചത്. ഇതോടെ ന്യൂസിലന്‍ഡ് താരങ്ങള്‍ ആഘോഷവും തുടങ്ങി. എന്നാല്‍ തീരുമാനത്തിലെ അതൃപ്തി റിഷഭ് പന്ത് അമ്പയറോട് പറയുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. റിഷഭ് പന്തിന്‍റെ ബാറ്റിന് സമീപത്തുകൂടി പന്ത് കടന്നു പോകുന്ന സമയത്ത് തന്നെ ബാറ്റ് പാഡിലും തട്ടിയിരുന്നു. ഈ ശബ്ദമാകാം സ്നിക്കോ മീറ്ററില്‍ കാണിച്ചതെന്നാണ് ഒരു വാദം. ഇതിനെ ന്യായീകരിക്കുന്ന തരത്തിലാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സും പ്രതികരിച്ചത്.

റിഷഭ് പന്തിന്‍റെ ബാറ്റില്‍ പന്ത് കൊണ്ടോ എന്ന കാര്യം ഉറപ്പില്ലെന്നും പന്ത് ബാറ്റിനെ കടന്നു പോകുന്ന സമയത്ത് തന്നെ റിഷഭ് പന്തിന്‍റെ കൈയിലെ ബാറ്റ് പാഡില്‍ തട്ടിയിരുന്നുവെന്നും ഇങ്ങനെ സംഭവിച്ചാലും സ്നിക്കോ മീറ്ററില്‍ അത് കാണിക്കുമെന്നും ഇവിടെ റിഷഭ് പന്തിന്‍റെ ബാറ്റില്‍ തന്നെയാണ് പന്ത് കൊണ്ടത് എന്ന് എങ്ങനെ ഉറപ്പിക്കുമെന്നും ഡിവില്ലിയേഴ്സ് ചോദിച്ചു. നിര്‍ണായക ടെസ്റ്റിലെ ഇത്തരമൊരു സന്ദര്‍ഭം വലിയ വഴിത്തിരിവാണെന്നും ഹോട് സ്പോട് സാങ്കേതികത എവിടെയെന്നും ഡിവില്ലിയേഴ്സ് ചോദിച്ചു.

57 പന്തില്‍ 64 റണ്‍സുമായി റിഷഭ് പന്ത് ക്രീസിലുണ്ടായിരുന്നപ്പോള്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യക്ക് പന്ത് പുറത്തായതോടെ തകര്‍ന്നടിഞ്ഞു. പന്തിന് പിന്നാലെ അശ്വിനും ആകാശ്‌ദീപും വാഷിംഗ്ടണ്‍ സുന്ദറും വീണതോടെ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 121 റണ്‍സിന് ഓള്‍ ഔട്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios