ആദ്യ ടി20: കണക്കുകളില്‍ സന്തോഷിക്കാം; ആത്മവിശ്വാസത്തിന്‍റെ നെറുകയില്‍ ടീം ഇന്ത്യ

മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് ഇന്ത്യ-ഓസീസ് ടീമുകള്‍ ടി20യില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നീലപ്പടയ്‌ക്കായിരുന്നു വിജയം

Australia tour of India 2022 IND vs AUS Head to Head Records in T20Is

മൊഹാലി: ലോകകപ്പിന് മുമ്പ് ടി20യില്‍ കരുത്തര്‍ നേര്‍ക്കുനേര്‍ വരികയാണ്. ഓസീസ് ടീമില്‍ സൂപ്പര്‍താരങ്ങള്‍ ചിലര്‍ വിശ്രമത്തിലാണെങ്കിലും ഇന്ത്യയുടെ പരമ്പര ആരാധകരെ വലിയ ആകാംക്ഷയിലാണ് എത്തിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിലെ തോല്‍വിയില്‍ നിന്ന് ശക്തമായി കരകയറാന്‍ ടീം തയ്യാറെടുക്കുന്നതും വിരാട് കോലിയുടെ ഫോമും ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവുമെല്ലാം പരമ്പരയുടെ ആവേശം കൂട്ടുന്നു. ഓസീസിനെതിരെ ആദ്യ ടി20ക്ക് മൊഹാലിയില്‍ ഇന്നിറങ്ങും മുന്നേ ഇന്ത്യ ടീമിന് ആത്മവിശ്വാസം ഏറെയാണ്. 

മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് ഇന്ത്യ-ഓസീസ് ടീമുകള്‍ ടി20യില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നീലപ്പടയ്‌ക്കായിരുന്നു വിജയം. നാളിതുവരെ 23 ടി20കളിലാണ് ഇന്ത്യയും ഓസ്ട്രേലിയയും പരസ്‌പരം ഏറ്റുമുട്ടിയത്. ഇതില്‍ 13 ടി20യും വിജയിച്ചത് ഇന്ത്യയാണ്. ഓസീസിന്‍റെ വിജയം 9ല്‍ ഒതുങ്ങിയപ്പോള്‍ 1 മത്സരത്തിന് ഫലമില്ലാതായി. അവസാനം ഇന്ത്യയില്‍ നടന്ന ഏഴില്‍ നാല് മത്സരങ്ങളിലും വിജയം നീലപ്പടയ്ക്കായിരുന്നു എന്ന സവിശേഷതയുമുണ്ട്. 2022 ഡിസംബറിലാണ് ഇരു ടീമും ടി20യില്‍ അവസാനമായി ഏറ്റുമുട്ടിയത്. മൊഹാലിയിൽ മുമ്പ് നടന്ന പതിനൊന്ന് ട്വന്‍റി 20യിൽ ഏഴിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് എന്നതിനാല്‍ ഇന്ന് ടോസ് നിര്‍ണായകമാകും. 

മൊഹാലിയിൽ ഇന്ന് വൈകിട്ട് ഏഴരയ്ക്കാണ് മൂന്ന് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. ഇന്ത്യയെ രോഹിത് ശര്‍മ്മയും ഓസീസിനെ ആരോണ്‍ ഫിഞ്ചും നയിക്കും. ഇന്ത്യന്‍ നിരയില്‍ പരിക്കുമാറി പേസര്‍മാരായ ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും എത്തുന്നത് ശ്രദ്ധേയം. അതേസമയം ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്റ്റോയിനിസ്, മിച്ചൽ മാർഷ് എന്നിവര്‍ ഓസീസ് നിരയിലില്ല. മുന്‍ കണക്കുകള്‍ അനുകൂലമെങ്കിലും ചെറിയ ആശങ്കകള്‍ ഇന്ത്യന്‍ ടീമിനുണ്ട്. ഏഷ്യാ കപ്പില്‍ ഫോമിലായിരുന്ന വിരാട് കോലിയെ കെ എല്‍ രാഹുലിന് പകരം ഓപ്പണറാക്കുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നു. പ്ലേയിംഗ് ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്ന തലവേദന ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനുമുണ്ട്. 

ഓസീസിനെതിരായ ഇന്ത്യന്‍ സ്‍ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, രവിചന്ദ്ര അശ്വിന്‍, അക്സർ പട്ടേല്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, യുസ്‍വേന്ദ്ര ചാഹല്‍, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഹർഷല്‍ പട്ടേല്‍, ദീപക് ചാഹർ, ജസ്പ്രീത് ബുമ്ര. 

ഇന്ത്യ-ഓസീസ് ആദ്യ ടി20: റിഷഭ് പന്തോ ദിനേശ് കാര്‍ത്തിക്കോ, രോഹിത്തിന് സെലക്ഷന്‍ തലവേദന; ഇന്ത്യയുടെ സാധ്യതാ ടീം

Latest Videos
Follow Us:
Download App:
  • android
  • ios