ചതിച്ചത് മഴയോ താരങ്ങളോ; സ്വന്തം നാട്ടിലെ ലോകകപ്പിൽ നാണംകെട്ട് ചാമ്പ്യൻ ഓസ്ട്രേലിയ
സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ പ്രധാന താരങ്ങൾ അടിച്ചുതകർക്കുമെന്നായിരുന്നു ഓസീസിന്റെ പ്രതീക്ഷ. എന്നാൽ ഓപ്പണർ ഡെവിഡ് വർണർ, ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് എന്നിവർ തീർത്തും നിരാശപ്പെടുത്തിയപ്പോൾ ഓസ്ട്രേലിയ പതറി.
കഴിഞ്ഞ ലോകകപ്പിൽ കപ്പുയർത്തിയവരാണ് ഓസ്ട്രേലിയ. ലോകകപ്പ് ടൂർണമെന്റുകളിൽ എന്നും ഫേവറിറ്റുകളായിരുന്നു കംഗാരുപ്പട. എന്നാൽ, സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ സെമിയിലെത്താനാകാതെ ഓസീസ് പാതിവഴിയിൽ വീണു. ഇംഗ്ലണ്ടിനെതിരെയുള്ള നിർണായക മത്സരം മഴകാരണം ഒരുപന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചതാണ് ഓസീസിന്റെ പുറത്താകലിന് പ്രധാന കാരണം. ഇന്ത്യ-പാക് മത്സരത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാണാനിരുന്ന ഗ്ലാമറസ് മത്സരമായിരുന്നു ഇത്. ഈ മത്സരത്തിലെ വിജയി സെമിഫൈനലിലെത്താനുള്ള സാധ്യതയും ഏറെയായിരുന്നു. എന്നാൽ മത്സരം ഉപേക്ഷിച്ചതോടെ റൺറേറ്റ് നിർണായകമായി. ഒടുവിൽ ശ്രീലങ്ക-ഇംഗ്ലണ്ട് മത്സര ഫലം ആശ്രയിച്ചായിരുന്നു കംഗാരുക്കളുടെ നിലനിൽപ്പ്. ഇംഗ്ലണ്ട് ജയിച്ചതോടെ ഓസീസ് പുറത്തുപോയി.
ഫോമിലാകാതെ സൂപ്പർ താരങ്ങൾ
സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ പ്രധാന താരങ്ങൾ അടിച്ചുതകർക്കുമെന്നായിരുന്നു ഓസീസിന്റെ പ്രതീക്ഷ. എന്നാൽ ഓപ്പണർ ഡെവിഡ് വർണർ, ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് എന്നിവർ തീർത്തും നിരാശപ്പെടുത്തിയപ്പോൾ ഓസ്ട്രേലിയ പതറി. ചെറിയ ടീമായ അഫ്ഗാനിസ്ഥാനോടുപോലും നേരിയ മാർജിനിലാണ് ഓസീസ് ജയിച്ചത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് ഹിമാലൻ തോൽവിയോടെയാണ് മഞ്ഞപ്പട തുടങ്ങിയത്. കിവികൾ നിശ്ചിത ഓവറിൽ 200 റൺസെടുത്തപ്പോൾ ഓസീസ് 111 റൺസിലൊതുങ്ങി. മാക്സ്വെൽ(28) മാത്രമാണ് തിളങ്ങിയത്. 89 റൺസിനായിരുന്നു തോൽവി. തൊട്ടടുത്ത മത്സരത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. 18 പന്തിൽ 59 റൺസ് നേടിയ സ്റ്റോയിണിസിന്റെ ഇന്നിങ്സാണ് തുണച്ചത്. അയർലൻഡിനെ 42 റൺസിന് തോൽപ്പിച്ച് പ്രതീക്ഷ നിലനിർത്തി. അഫ്ഗാനിസ്ഥാനോട് നേരിയ മാർജിനിൽ ജയിച്ചതും തിരിച്ചടിയായി.
സൂപ്പർ 12 അവസാനിക്കുമ്പോൾ ഏഴ് പോയിന്റ് വീതം ഓസീസും ഇംഗ്ലണ്ടും ന്യൂസിലാൻഡും നേടിയപ്പോൾ റൺറേറ്റിൽ താഴെപ്പോയി. തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു ഓസീസ് താരങ്ങളുടെ പ്രകടനം. റൺവേട്ടക്കാരിലോ വിക്കറ്റ് വേട്ടക്കാരിലോ ആദ്യ പത്തിൽപോലും ആരും ഇടം നേടിയില്ല. അഞ്ച് ഇന്നിങ്സുകളിൽ വെറും 47 റൺസ് മാത്രമാണ് ഓപ്പണർ വാർണർ നേടിയത്. ഫിഞ്ചും മാക്സ്വെല്ലും മിച്ചൽ മാർഷും പ്രതീക്ഷിച്ച കളി പുറത്തെടുത്തില്ല. സ്റ്റാർ ബൗളർ സ്റ്റാർക്ക്, ഹെയ്സൽ വുഡ്, കമ്മിൻസ് എന്നിവരും നനഞ്ഞ പടക്കമായി.