സിഡ്നി ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, ഓൾ റൗണ്ടർ പുറത്ത്; വെബ്‌സ്റ്റർ അരങ്ങേറും
പരിക്കുള്ള മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും സ്റ്റാര്‍ക്കും ഓസീസ് പ്ലേയിംഗ് ഇലവനിലുണ്ട്.
സിഡ്നി: ഇന്ത്യക്കെതിരായ സിഡ്നി ടെസ്റ്റനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ആദ്യ നാലു ടെസ്റ്റുകളിലും കളിച്ച മിച്ചല്‍ മാര്‍ഷ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ പുതുമുഖ ഓള്‍ റൗണ്ടര്‍ ബ്യൂ വെബ്‌സ്റ്റര്‍ നാളെ ഓസീസ് ടീമില്‍ അരങ്ങേറും. മെല്‍ബണിലെ ബോക്സിംഗ് ഡേ ടെസ്റ്റ് ജയിച്ച ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണ് ഓസ്ട്രേലിയ വരുത്തിയിരിക്കുന്നത്.
ഓപ്പണര്‍മാരായ യുവതാരം സാം കോണ്‍സ്റ്റാസും ഉസ്മാന്‍ ഖവാജയും തന്നെയാണ് സിഡ്നിയിലും ഇറങ്ങുക. മൂന്നാം നമ്പറില്‍ മാര്‍നസ് ലാബുഷെയ്നും നാലാം നമ്പറില്‍ സ്റ്റീവ് സ്മിത്തും എത്തുമ്പോള്‍ ട്രാവിസ് ഹെഡ്, ബ്യൂ വെബ്‌സ്റ്റര്‍, അലക്സ് ക്യാരി എന്നിവരാണ് ബാറ്റിംഗ് നിരയിലുള്ളത്.
സ്പിന്നറായി നഥാന്‍ ലിയോണ്‍ തുടരുമ്പോള്‍ ക്യാപ്റ്റൻ പാറ്റ് കമിന്‍സും സ്കോട് ബോളണ്ടും പേസര്‍മാരായി ടീമിലുണ്ട്. പരിക്കുള്ള മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും സ്റ്റാര്‍ക്കും ഓസീസ് പ്ലേയിംഗ് ഇലവനിലുണ്ട്. പരമ്പരയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റ് ജയിച്ച് ഓസ്ട്രേലിയ പരമ്പരയില്‍ ഒപ്പമെത്തി. മഴ തടസപ്പെടുത്തിയ ബ്രിസ്ബേനിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ മെല്‍ബണില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ ജയിച്ച് ഓസ്ട്രേലിയ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്തി.
സിഡ്നിയില്‍ ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്താനാവു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനും ഇന്ത്യക്ക് സിഡ്നിയില്‍ ജയം അനിവാര്യമാണ്.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്‌സ്റ്റർ, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക