ഹെഡ് ഫിറ്റ്! രണ്ട് മാറ്റങ്ങളുമായി ഓസീസ് ബോക്‌സിംഗ് ഡേ ടെസ്റ്റിന്; 19കാരന് അരങ്ങേറ്റം
ബ്രിസ്ബേന്‍ ടെസ്റ്റില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ ഹെഡ് മെല്‍ബണില്‍ കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ലായിരുന്നു.
മെല്‍ബണ്‍: രണ്ട് മാറ്റങ്ങളുമായി ഓസ്‌ട്രേലിയ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി ബോക്‌സിംഗ് ഡേ ടെസ്റ്റിന്. പരിക്കേറ്റ ജോഷ് ഹേസല്‍വുഡ്, മോശം ഫോമിലുള്ള നതാന്‍ മക്‌സ്വീനി എന്നിവര്‍ പുറത്തായി. പകരം സ്‌കോട്ട് ബോളണ്ട്, സാം കോണ്‍സ്റ്റാസ് എന്നിവര്‍ ടീമിലെത്തി. പരിക്കിന്റെ പിടിയിലായിരുന്ന ട്രാവിസ് ഹെഡ് ഫിറ്റ്‌നെസ് തെളിയിച്ചു. അദ്ദേഹവും ബോക്‌സിംഗ് ഡേ ടെസ്റ്റ് കളിക്കും. 19കാരനായി കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റമാണ് മെല്‍ബണ്‍ ടെസ്റ്റിന്റെ സവിശേഷത.
ബ്രിസ്ബേന്‍ ടെസ്റ്റില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ ഹെഡ് മെല്‍ബണില്‍ കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ലായിരുന്നു. എന്നാല്‍ ഫിറ്റ്‌നെസ് പരിശോധനയില്‍ അദ്ദേഹം വിജയിക്കുകയും കളിക്കാന്‍ യോഗ്യനാണെന്ന് തെളിയിക്കുകയും ചെയ്തു. തുടര്‍ച്ചയായി കുറഞ്ഞ സ്‌കോറുകള്‍ക്ക് ശേഷം പുറത്തായ നഥാന്‍ മക്സ്വീനിക്ക് പകരക്കാരനായാണ് കോണ്‍സ്റ്റാസ് എത്തുന്നത്. വെറും 19 വയസ്സുള്ള യുവ ഓപ്പണര്‍ എംസിജിയില്‍ ഓസ്ട്രേലിയയുടെ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് ഓപ്പണറായി ചരിത്രം കുറിക്കും.
ഓസ്ട്രേലിയന്‍ ടീം: ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലബുഷാഗ്‌നെ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ച് മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.
മെല്‍ബണ്‍ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരിശീലനത്തിനിടെ മുട്ടുകാലിന് പരിക്കേറ്റ രോഹിത് ശര്‍മ കളിക്കുമെന്ന് അറിയിച്ചിരുന്നു. അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെട്ട തനുഷ് കൊട്ടിയന്‍ മെല്‍ബണില്‍ കളിക്കാനിടയില്ല. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആര്‍ അശ്വിന് പകരമാണ് താരത്തെ ടീമിലെത്തിച്ചത്. മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ടീമിന്റെ ഭാഗമാണ് തനുഷ്.
33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള തനുഷ് 41.21 ശരാശരിയില്‍ 1525 റണ്‍സും 25.70 ശരാശരിയില്‍ 101 വിക്കറ്റും നേടിയിട്ടുണ്ട്. 2023-24ല്‍ മുംബൈ രഞ്ജി ട്രോഫി നേടുമ്പോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനുള്ള പുരസ്‌കാരം തനുഷിനായിരുന്നു. 41.83 ശരാശരിയില്‍ 502 റണ്‍സും 16.96 ശരാശരിയില്‍ 29 വിക്കറ്റുമാണ് കൊട്ടിയാന്‍ വീഴ്ത്തിയത്.