'നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു'; അര്‍ഷ്‌ദീപ് സിംഗിനെ ആക്രമിക്കുന്നവരുടെ വായടപ്പിച്ച് ഹര്‍ഭജന്‍
മത്സരത്തില്‍ രവി ബിഷ്‌ണോയി എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലാണ് ആസിഫ് അലിയെ ഷോര്‍ട് തേര്‍ഡില്‍ അര്‍ഷ്‌ദീപ് സിംഗ് വിട്ടുകളഞ്ഞത്
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ക്യാച്ച് നഷ്ടപ്പെടുത്തിയ അർഷ്‍ദീപ് സിംഗിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക ആക്രമണം തുടരുകയാണ്. ഒരുകൂട്ടർ അര്‍ഷ്‌ദീപ് ഖാലിസ്ഥാനിയെന്ന് വിക്കി പീഡിയയിൽ തിരുത്തി. എന്നാൽ പാകിസ്ഥാൻ ചാരസംഘടനയാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. അതേസമയം അർഷ്ദീപ് സിംഗിന് പിന്തുണയുമായി ഹർഭജൻ സിംഗ് അടക്കമുള്ള മുന്‍താരങ്ങള്‍ രംഗത്തെത്തിയത് ശ്രദ്ധേയമായി. അര്‍ഷ്‌ദീപിനെ ആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ ഭാജി ആവശ്യപ്പെട്ടു. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
'അര്‍ഷ്‌ദീപ് സിംഗിനെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കൂ. ആരും മനപ്പൂര്‍വം ക്യാച്ച് കൈവിടില്ല. ഞങ്ങളുടെ താരങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ട്. പാകിസ്ഥാന്‍ നന്നായി കളിച്ചു. നമ്മുടെ താരങ്ങളെ കുറിച്ച്, അര്‍ഷ്‌ദീപിനെയും ഇന്ത്യന്‍ ടീമിനേയും കുറിച്ച് മോശം പറയുന്നവരെ ഓര്‍ത്ത് അപമാനം തോന്നുന്നു. അര്‍ഷ് നമ്മുടെ സുവര്‍ണതാരമാണ്' എന്നുമായിരുന്നു ഹര്‍ഭജന്‍ സിംഗിന്‍റെ ട്വീറ്റ്.
മത്സരത്തില്‍ രവി ബിഷ്‌ണോയി എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലാണ് ആസിഫ് അലിയെ ഷോര്‍ട് തേര്‍ഡില്‍ അര്‍ഷ്‌ദീപ് സിംഗ് വിട്ടുകളഞ്ഞത്. അനായാസ ക്യാച്ച് പിടിയിലൊതുക്കാന്‍ താരത്തിനായില്ല. ആസിഫ് ഈസമയം വ്യക്തിഗത സ്‌കോര്‍ രണ്ടിലായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ ഖാലിസ്ഥാനി എന്നുവിളിച്ച് അടക്കം സൈബര്‍ ആക്രമണം. എന്നാല്‍ പാക് ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ തകര്‍പ്പന്‍ യോര്‍ക്കറുകളുമായി മത്സരത്തിലേക്ക് അര്‍ഷ്‌ദീപ് ശക്തമായി തിരിച്ചുവരുന്നതിനും ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായി. അവസാന ഓവറില്‍ ഏഴ് റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിരുന്ന പാകിസ്ഥാനെ 19.5 ഓവര്‍ വരെ ബാറ്റ് ചെയ്യിപ്പിച്ച് വിജയം വൈകിപ്പിച്ചു അര്‍ഷ്‌ദീപ്.
സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റിന്‍റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റും ഒരു പന്തും ബാക്കിനില്‍ക്കേ ജയത്തിലെത്തുകയായിരുന്നു. 20 പന്തില്‍ 42 റണ്‍സും ഒരു വിക്കറ്റും മൂന്ന് ക്യാച്ചുമായി തിളങ്ങിയ മുഹമ്മദ് നവാസാണ് പാകിസ്ഥാന്‍റെ വിജയശില്‍പി. 51 പന്തില്‍ 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാന്‍ വീണ്ടും തിളങ്ങി. നേരത്തെ 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലി ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് ആനയിക്കുകയായിരുന്നു. മുമ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം.