'ഇത് ഷഹീൻ ചെയ്യുന്നതല്ലേ, അർഷ്‍ദീപ് വെറും കോപ്പി'; ട്വിറ്ററിൽ വൻ പോര്, പാക് ആരാധകരെ 'പൊരിച്ച്' കിടിലൻ മറുപടി
മൂന്ന് വിക്കറ്റുകളുമായി കളിയിലെ താരമായതിന് പുറമെ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ വിക്കറ്റാക്കാൻ താരത്തിന് സാധിച്ചിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നിംഗ്സിലെ രണ്ടാം ഓവറാണ് അർഷ്‍ദീപ് എറിയാൻ എത്തിയത്. ആദ്യ പന്ത് തന്നെ ബൗൺസർ പരീക്ഷിച്ചപ്പോൾ മൻദീപ് സിംഗിന് മറുപടിയുണ്ടായിരുന്നില്ല.
മൊഹാലി: ഏത് താരവും സ്വപ്നം കാണുന്ന പോലെയുള്ള ഒരു തുടക്കമാണ് പഞ്ചാബ് കിംഗ്സിന്റെ ഇന്ത്യൻ താരം അർഷ്‍ദീപ് സിംഗിന് 2023 ഐപിഎൽ സീസണിൽ ലഭിച്ചിട്ടുള്ളത്. മൂന്ന് വിക്കറ്റുകളുമായി കളിയിലെ താരമായതിന് പുറമെ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ വിക്കറ്റാക്കാൻ താരത്തിന് സാധിച്ചിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നിംഗ്സിലെ രണ്ടാം ഓവറാണ് അർഷ്‍ദീപ് എറിയാൻ എത്തിയത്. ആദ്യ പന്ത് തന്നെ ബൗൺസർ പരീക്ഷിച്ചപ്പോൾ മൻദീപ് സിംഗിന് മറുപടിയുണ്ടായിരുന്നില്ല.
ആ ഓവറിലെ തന്നെ അവസാന പന്തിൽ പിഞ്ച് ഹിറ്ററായ അനുകുൽ റോയിയെയും പുറത്താക്കി പഞ്ചാബിന് മത്സരത്തിൽ മേധാവിത്വം നേടിക്കൊടുക്കാൻ അർഷ്‍ദീപിന് കഴിഞ്ഞു. 16-ാം ഓവറിൽ വെങ്കിടേഷ് അയ്യറിന്റെ സുപ്രധാന വിക്കറ്റും നേടിയാണ് അർഷ്‍ദീപ് മത്സരത്തിന്റെ താരമായത്. മത്സരശേഷം ഇപ്പോൾ ചർച്ചയായിട്ടുള്ളത് അർഷ്‍ദീപിന്റെ വിക്കറ്റ് നേടുമ്പോഴുള്ള ആഘോഷത്തിന്റെ സ്റ്റൈലാണ്. മൻദീപിന്റെ വിക്കറ്റ് വീണപ്പോൾ താരം കൈ വിരിച്ച് അൽപ്പം സ്പ്രിന്റ് ചെയ്തിരുന്നു.
എന്നാൽ, അനുകുലിന്റെ വിക്കറ്റ് വീണപ്പോൾ അർഷ്ദീപിന്റെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നില്ല. മറിച്ച് ഒരു നോട്ടം കൊണ്ട് അനുകുലിന് മറുപടി നൽകുകയായിരുന്നു. പിന്നീട് ഏറ്റവും മികച്ച ആഘോഷം അവസാനമാണ് അർഷ്‍ദീപ് നടത്തിയത്. ഇരുകൈകളിലെ വിരലുകളും ചേർത്ത് ചുംബിച്ച് കൊണ്ട് കൈ വായുവിലേക്ക് വിടർത്തുകയാണ് താരം ചെയ്തത്. പാകിസ്ഥാൻ സ്റ്റാർ പേർ ഷഹീൻ അഫ്രീദിയുടെ ആഘോഷത്തിനോട് ചെറിയ സാമ്യമൊക്കെയുണ്ട് അർഷ്ദീപിന്റെ ഈ സന്തോഷപ്രകടനത്തിന്.
ശ്രദ്ധേയമായ കാര്യം ഇന്ത്യയുടെ സഹീർ ഖാനും സമാനമായ ആഘോഷം നടത്തിയിരുന്നു. എന്തായാലും ട്വിറ്ററിൽ ഇതുചൊല്ലി ഇന്ത്യ - പാകിസ്ഥാൻ ആരാധകർ തമ്മിലുള്ള തർക്കം തുടരുന്നുണ്ട്. ഷഹീനെ പകർത്തിയുള്ളതാണ് അർഷ്‍ദീപിന്റെ ആഘോഷമെന്ന് പറയുന്നവർക്ക് ഇന്ത്യൻ ആരാധകർ സഹീർ ഖാന്റെ ചിത്രമടക്കം കാണിച്ച് കൊണ്ട് കുറിക്ക് കൊള്ളുന്ന മറുപടിയാണ് നൽകുന്നത്.
അതേസമയം, ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ഏഴ് റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. മഴ മുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരമാണ് പഞ്ചാബ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 16 ഓവറില്‍ ഏഴിന് 146 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു.