മോശം ഫോമില്‍ കെ എല്‍ രാഹുലിനെതിരായ രൂക്ഷ വിമർശനം; പ്രതികരിച്ച് അനില്‍ കുംബ്ലെ

താരത്തിന്‍റെ മോശം ഫോമിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഐപിഎല്‍ ടീം പഞ്ചാബ് കിംഗ്സില്‍ ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ള സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ

Anil Kumble reacted to criticism on KL Rahul poor batting form in T20 World Cup 2022

സിഡ്നി: ട്വന്‍റി 20 ലോകകപ്പില്‍ ഏറ്റവും വിമർശനം നേരിടുന്ന ഇന്ത്യന്‍ താരം ആരാണെന്ന് ചോദിച്ചാല്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എല്‍ രാഹുല്‍ എന്നതാണ് ഉത്തരം. കഴിഞ്ഞ ഐപിഎല്‍ സീസണിന് ശേഷം പലകുറി വിമർശനം കേട്ടിട്ടും രാഹുല്‍ ഫോമിലേക്ക് മടങ്ങിയെത്തുന്നില്ല എന്നതാണ് അവസ്ഥ. രാഹുല്‍ റണ്‍സ് കണ്ടെത്തുമ്പോഴാകട്ടേ സ്ട്രൈക്ക് റേറ്റും ചോദ്യചിഹ്നമാകും എന്നിരിക്കേ താരത്തിന്‍റെ മോശം ഫോമിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഐപിഎല്‍ ടീം പഞ്ചാബ് കിംഗ്സില്‍ ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ള സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. 

'ഐപിഎല്ലിലെ സാഹചര്യം വ്യത്യസ്തമാണ്. നിങ്ങളാണ് മികച്ച താരമെന്ന് നമ്മളെല്ലാം പറയുമായിരുന്നു. പവർപ്ലേയില്‍ രാഹുലിനെ പിടിച്ചുകെട്ടാന്‍ ഏതെങ്കിലും ബൗളർക്ക് കഴിയുമെന്ന് തോന്നിയിരുന്നില്ല. ലൈനപ്പ് കാരണം ഐപിഎല്ലില്‍ പരമാവധി സമയം ക്രീസില്‍ നില്‍ക്കുകയാണ് താന്‍ വേണ്ടതെന്ന് രാഹുല്‍ ചിന്തിക്കുന്നു. മാത്രമല്ല, താന്‍ നായകന്‍ കൂടിയാണ്. എന്താണ് വേണ്ടത് എന്ന് പുറത്തുനിന്ന് പറയാന്‍ പറ്റും, പക്ഷേ മൈതാനത്തെ കാര്യം നിങ്ങളുടെ നിയന്ത്രണത്തിലല്ല. ഇന്ത്യന്‍ ടീമിലെ സാഹചര്യം ഐപിഎല്ലിലെ പോലെയല്ല. ക്രീസിലേക്ക് പോവുക, തന്‍റെ ശൈലിയില്‍ ബാറ്റ് ചെയ്യുക എന്നതാണ് ഉത്തരവാദിത്തം എന്ന് മനസിലാക്കുന്നു. ആദ്യ പന്ത് മുതല്‍ ആക്രമിക്കുകയായിരുന്നു ഞാന്‍ പരിശീലകനായിരുന്നപ്പോഴും വേണ്ടിയിരുന്നത്. ഐപിഎല്ലിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാഹുലിന്‍റെ ബാറ്റിംഗ് നമ്മള്‍ കണ്ടതാണ്. നെറ്റ് റണ്‍റേറ്റ് കൂട്ടി എന്താണ് തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് രാഹുല്‍ കാട്ടിയതാണ്. മികച്ച രാജ്യാന്തര ബൗളർമാരുള്ള ചെന്നൈ താരങ്ങളെ എല്ലാവരേയും പറത്തി. രാഹുല്‍ ഓണാവേണ്ട കാര്യമേയുള്ളൂ ' എന്നും കുംബ്ലെ പറഞ്ഞു. 

ഇക്കുറി ഓസ്ട്രേലിയയിലെ ടി20 ലോകകപ്പില്‍ ഇതുവരെ ഫോമിലെത്താന്‍ കെ എല്‍ രാഹുലിനായിട്ടില്ല. വാംഅപ് മത്സരത്തില്‍ തിളങ്ങിയെങ്കിലും ആ ഫോം താരത്തിന് ലോകകപ്പ് മത്സരങ്ങളില്‍ തുടരാനാകാതെ വരികയായിരുന്നു. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ മെല്‍ബണില്‍ 4 റണ്‍സില്‍ പുറത്തായ താരം നെതർലന്‍ഡ്സിനെതിരെ സിഡ്നിയില്‍ 9 റണ്‍സേ നേടിയുള്ളൂ. ഇനി ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഞായറാഴ്ചയാണ് ടീം ഇന്ത്യയുടെ അടുത്ത മത്സരം. 

ഫോമിലേക്ക് കോലി ശൈലിയില്‍ തിരിച്ചെത്താന്‍ കെ എല്‍ രാഹുല്‍; നിർണായക നീക്കം

Latest Videos
Follow Us:
Download App:
  • android
  • ios