Asianet News MalayalamAsianet News Malayalam

കണ്ണടച്ചു തുറക്കും മുമ്പ് കുറ്റി പറന്നു, ആകാശ്‌ ദീപിന്‍റെ ഇരട്ടപ്രഹരത്തിൽ പകച്ച് ബംഗ്ലാദേശ്; 5 വിക്കറ്റ് നഷ്ടം

ബുമ്രക്കൊപ്പം ന്യൂബോള്‍ പങ്കിട്ട മുഹമ്മദ് സിറാജും ബംഗ്ലാദേശിനെ വിറപ്പിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താനായിരുന്നില്ല.

Akash Deep's double strike jolts Bangladesh,India vs Bangladesh test 20th September 2024 live updates
Author
First Published Sep 20, 2024, 12:29 PM IST | Last Updated Sep 20, 2024, 12:33 PM IST

ചെന്നൈ: ഇന്ത്യക്കെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 376 റണ്‍സിന് മറുപടി പറയാനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലായിരുന്ന ബംഗ്ലാദേശ് ലഞ്ചിനുശേഷം രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ 40-5 റണ്‍സെന്ന നിലയിലാണ്. നാല് റണ്ണുമായി ഷാക്കിബ് അല്‍ ഹസനും ററണ്ണൊന്നുമെടുക്കാതെ ലിറ്റണ്‍ ദാസും ക്രീസില്‍.

ആദ്യ ഓവറില്‍ തന്നെ ബംഗ്ലാദേശ് ഓപ്പണര്‍ ഷദ്മാൻ ഇസ്ലാമിനെ ജസ്പ്രീത് ബുമ്ര ബൗള്‍ഡാക്കിയശേഷം തന്‍റെ രണ്ടാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍ ആകാശ്‌ദീപ് ആണ് ബംഗ്ലാദേശിനെ ബാക്ക് ഫൂട്ടിലാക്കിയത്. തുടര്‍ച്ചയായ പന്തുകളില്‍ സാകിര്‍ ഹസനെയും(3), മൊനിമുള്‍ ഹഖിനെയുമാണ്(0) ആകാശ്‌ദീപ് ക്ലീന്‍ ബൗള്‍ഡാക്കിയത്.

ബുമ്രക്കൊപ്പം ന്യൂബോള്‍ പങ്കിട്ട മുഹമ്മദ് സിറാജും ബംഗ്ലാദേശിനെ വിറപ്പിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താനായിരുന്നില്ല. തുടര്‍ന്നാണ് ഏഴാം ഓവറില്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ ആകാശ് ദീപിനെ പന്തേല്‍പ്പിച്ചത്. തന്‍റെ ആദ്യ ഓവറില്‍ തന്നെ ബംഗ്ലദേശ് താരങ്ങളെ ബാക്ക് ഫൂട്ടിലാക്കിയ ആകാശ് ദീപ് തന്‍റെ രണ്ടാം ഓവറിലെ ആദ്യ രണ്ട് പന്തുകളിലാണ് സാകിര്‍ ഹസനെയും മൊനിമുള്‍ ഹഖിനെയും ക്ലീന്‍ ബൗള്‍ഡാക്കി ഹാട്രിക്കിന് അടുത്തെത്തിയത്. എന്നാല്‍ ആകാശ് ദീപിന്‍റെ ഹാട്രിക്ക് ബോള്‍ മുഷ്ഫീഖുര്‍ റഹീം ഫലപ്രദമായി പ്രതിരോധിച്ചു.ലഞ്ചിനുശേം നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയെ(20) വീഴ്ത്തി മുഹമ്മദ് സിറാജും മുഷ്ഫീഖുറിനെ സ്ലിപ്പില്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച ബുമ്രയും ചേര്‍ന്ന് ബംഗ്ലാദേശിനെ 40-5ലേക്ക് തള്ളിയിട്ടു.

വെറുതെ വിട്ടതാ, എന്നിട്ടും ബെയിൽസ് പറന്നു; ബംഗ്ലാദേശ് ഓപ്പണറുടെ കിളി പറത്തിയ ജസ്പ്രീത് ബുമ്രയുടെ പന്ത്

നേരത്തെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ലീവ് ചെയ്ത പന്തിലായിരുന്നു ഷദ്മാന്‍ ബൗള്‍ഡായത്.നേരത്തെ 339-6 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.113 റണ്‍സെടുത്ത അശ്വിനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റെടുത്ത ടസ്കിന്‍ അഹമ്മദും അഞ്ച് വിക്കറ്റ് തികച്ച ഹസന്‍ മഹ്മൂദും ചേര്‍ന്നാണ് ഇന്ത്യയെ ആദ്യ സെഷനില്‍ തന്നെ പുറത്താക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios