ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് രഹാനെയെ പരിഗണിച്ചേക്കും; ദ്രാവിഡും സംഘവും നിര്‍ണായക യോഗത്തിന്
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഏകദിന ലോകകപ്പ്, താരങ്ങളുടെ പരിക്ക്, വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റ് തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും
ബെംഗളൂരു: ഓസ്‌ട്രേലിയക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മുന്‍ നായകന്‍ അജിങ്ക്യ രഹാനെയെ പരിഗണിച്ചേക്കും എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ഫൈനലിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സഹ പരിശീലകരും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചൊവ്വാഴ്‌ച കൂടിക്കാഴ്‌ച നടത്തും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഏകദിന ലോകകപ്പ്, താരങ്ങളുടെ പരിക്ക്, വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റ് തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും
ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശപ്പോരില്‍ ഇന്ത്യയും ഓസ്ട്രേലിയയും മുഖാമുഖം വരുന്നത്. ടീം ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ തവണ അന്തിമ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട് കിരീടം കൈവിട്ട ഇന്ത്യക്ക് ഓവലിലെ അങ്കം അഭിമാന പോരാട്ടമാണ്. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര, മധ്യനിര താരം ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് എന്നിവര്‍ പരിക്കിന്‍റെ പിടിയിലായതിനാല്‍ ടെസ്റ്റ് ഫൈനലും ഏകദിന ലോകകപ്പും മുന്‍നിര്‍ത്തി താരങ്ങളുടെ വര്‍ക്ക് ലോഡ് ക്രമീകരണം അടക്കം മാനേജ്‌മെന്‍റിന് പരിഗണിക്കേണ്ടതുണ്ട്. ഇതിനാല്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് പരിശീലകന്‍ പരാസ് മാംബ്രേ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, മറ്റ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്ന നിര്‍ണായക യോഗമാണ് നാളെ എന്‍സിഎയില്‍ നടക്കുക.
ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനായ വിവിഎസ് ലക്ഷ്‌മണും ചര്‍ച്ചയുടെ ഭാഗമാകും. ഐപിഎല്‍ പുരോഗമിക്കുന്നതിനാലും ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കേണ്ടതിനാലും താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കുന്നത് ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളിലൊന്നാകും എന്നാണ് പിടിഐയുടെ റിപ്പോര്‍ട്ട്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍നിര്‍ത്തി പ്രധാനമായും പേസര്‍മാരുടെ കാര്യത്തിലാവും വര്‍ക്ക് ലോഡ് ചര്‍ച്ചകള്‍ നടക്കാനിട. സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ജയ്‌ദേവ് ഉനദ്‌കട്ട് എന്നിവര്‍ പൂര്‍ണ ഫിറ്റ്നസിലാണ്. ഐപിഎല്ലില്‍ പേസര്‍മാരുടെ വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റിനെ കുറിച്ച് ബിസിസിഐയുടെ എഴുത്താലുള്ള നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല എന്നാണ് മിക്ക ഫ്രാഞ്ചൈസികളും വ്യക്തമാക്കിയിരിക്കുന്നത്. ഫൈനലിന് മുമ്പ് ഇംഗ്ലണ്ടില്‍ പരിശീലന മത്സരം കളിക്കുന്ന കാര്യവും നെറ്റ് പരിശീലനവും ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ടീമുകളിലെ താരങ്ങളെ നേരത്തെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നതുമെല്ലാ ദ്രാവിഡും ലക്ഷ്‌മണും ഉള്‍പ്പെടുന്ന ചര്‍ച്ചയില്‍ വരും. നവ്ദീപ് സെയ്‌നി, ആവേശ് ഖാന്‍, ശിവം മാവി. കമലേഷ് നാഗര്‍കോട്ടി തുടങ്ങിയ പേസര്‍മാര്‍ ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കാന്‍ സാധ്യതയുണ്ട്.
ശ്രേയസ് അയ്യര്‍ ശസ്‌ത്രക്രിയക്ക് വിധേയനാവുന്നതിനാല്‍ ഇന്ത്യന്‍ മുന്‍ നായകന്‍ അജിങ്ക്യ രഹാനെയെ സ്‌ക്വാഡിലേക്ക് പരിഗണിച്ചേക്കും. സൂര്യകുമാര്‍ യാദവിന് സമീപകാലത്ത് ഫോമിലേക്ക് ഉയരാനായിരുന്നില്ല എന്നതും, ആഭ്യന്തര സീസണില്‍ 600ലധികം റണ്‍സ് നേടിയതും രഹാനെയ്‌ക്ക് അനുകൂല ഘടകങ്ങളാണ്. 82 ടെസ്റ്റുകളില്‍ 5000ത്തിനടുത്ത് റണ്‍സുള്ള രഹാനെ ഒരു വര്‍ഷത്തിലധികമായി ക്രിക്കറ്റിന്‍റെ വലിയ ഫോര്‍മാറ്റില്‍ കളിക്കുന്നില്ല. കെ എസ് ഭരതിന്‍റെ ബാറ്റിംഗ് ഇംഗ്ലണ്ടിലെ സീം, സ്വിങ് സാഹചര്യങ്ങള്‍ക്ക് അനുകൂലമല്ലാത്തിനാല്‍ കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറായും മധ്യനിര ബാറ്ററായും പരിഗണിക്കുന്ന കാര്യവും ചര്‍ച്ചയില്‍ വന്നേക്കും.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുണ്ടാകുമോ? മനസുതുറന്ന് അജിങ്ക്യ രഹാനെ