റാഷിദ് ഖാന് 11 വിക്കറ്റ്! കുത്തിത്തിരിപ്പില്‍ സിംബാബ്‌വെ വീണു, അഫ്ഗാനിസ്ഥാന് ടെസ്റ്റ് പരമ്പര
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു.
ബുലവായോ: സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര അഫ്ഗാനിസ്ഥാന്‍. രണ്ടാം ടെസ്റ്റ് 72 റണ്‍സിന് ജയിച്ചതോടെയാണ് അഫ്ഗാന്‍ പരമ്പര സ്വന്തമാക്കിയത്. 278 റണ്‍സ് വിജയലക്ഷ്യമാണ് സിംബാബ്‌വെയ്ക്ക് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ആതിഥേയര്‍ 205 റണ്‍സിന് എല്ലാവരും പുറത്തായി. ഏഴ് വിക്കറ്റ് നേടിയ റാഷിദ് ഖാനാണ് രണ്ടാം ഇന്നിംഗ്‌സില്‍ സിംബാബ്‌വെയെ തകര്‍ത്തത്. ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നേടാനും റാഷിദിന് സാധിച്ചിരുന്നു. പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. നേരത്തെ, ഏകദിന - ടി20 പരമ്പരകളും അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 43 റണ്‍സുള്ളപ്പോഴാണ് ഓപ്പണര്‍ ജോയ്‌ലോര്‍ഡ് ഗുംബി (15) മടങ്ങുന്നത്. പിന്നാലെ ബെന്‍ കുറാന്‍ (38), തകുഡ്‌സ്വാനെഷെ കെയ്താനോ (21), ഡിയോണ്‍ മയേര്‍സ് (6) എന്നിവരും മടങ്ങി. ഇതോടെ നാലിന് 99 എന്ന നിലയിലായി സിംബാബ്‌വെ. പിന്നീട് സികന്ദര്‍ റാസ (38) - ക്രെയ്ഗ് ഇര്‍വിന്‍ (53) സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റാസയെ പുറത്താക്കി റാഷിദ് ഖാന്‍ അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് സിംബാബ്‌വെ കൂട്ടത്തകര്‍ച്ച നേരിട്ടു. സീന്‍ വില്യംസ് (16), ബ്രയാന്‍ ബെന്നറ്റ് (0), ന്യൂമാന്‍ ന്യാംഹുറി (0), റിച്ചാര്‍ ഗവാര (3) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഇര്‍വിനാണ് പുറത്തായ അവസാന താരം. ബ്ലെസിംഗ് മുസറബാനി (0) പുറത്താവാതെ നിന്നു. റാഷിദിന് പുറമെ സിയ ഉര്‍ റഹ്മാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇനിയും തഴയാനാവില്ല, തീപ്പൊരി പ്രകടനവുമായി മുഹമ്മദ് ഷമി! ചാംപ്യന്‍സ് ട്രോഫി ടീമിലേക്കുള്ള അവകാശവാദം
നേരത്തെ അഫ്ഗാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 157ല്‍ ഒതുക്കാന്‍ സിംബാബ്‌വെയ്ക്ക് സാധിച്ചിരുന്നു. 25 റണ്‍സ് നേടിയ റാഷിദ് ഖാനാണ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീതം നേടിയ റാസ, ന്യൂമാന്‍ എന്നിവരാണ് അഫ്ഗാനെ ഒതുക്കിയത്. പിന്നാലെ ബാറ്റിംഗിനെത്തിയ സിംബാബ്‌വെ 86 റണ്‍സിന്റെ ലീഡ് നേടി. 243 റണ്‍സാണ് സിംബാബ്‌വെ അടിച്ചെടുത്തത്. 75 റണ്‍സ് നേടിയ ക്രെയ്ഗ് ഇര്‍വിനായിരുന്നു ടോപ് സ്‌കോറര്‍. റാസ (61), സീന്‍ വില്യംസ് (49) ഭേദപ്പട്ടെ പ്രകടനം പുറത്തെടുത്തു. റാഷിദിന് പുറമെ അഹമ്മദ്‌സായ് മൂന്നും ഫരീദ് അഹമ്മദ് രണ്ടും വിക്കറ്റെടുത്തു.
86 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച അഫ്ഗാനിസ്ഥാന്‍ 363 റണ്‍സ് നേടി. റഹ്മത്ത് ഷാ (139), ഇസ്മത് ആലം (101) എന്നിവരുടെ സെഞ്ചുറിയാണ് അഫ്ഗാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഒരു ഘട്ടത്തില്‍ ആറിന് 136 എന്ന നിലയിലായിരുന്നു അഫ്ഗാന്‍. പിന്നീട് 132 റണ്‍സ് റഹ്മത്ത് - ആലം സഖ്യം കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തന്നെയാണ് നിര്‍ണായകമായത്. 275 പന്തുകള്‍ നേരിട്ട റഹ്മത്ത് 14 ബൗണ്ടറികള്‍ നേടി. ആലമിന്റെ ഇന്നിംഗ്‌സ് ഒമ്പത് ഫോറുകളുണ്ടായിരുന്നു. ഇരുവര്‍ക്കും പുറമെ റാഷിദ് ഖാന്‍ (23), അഹമ്മദ്‌സായ് (19) എന്നിവരും പുറത്തായി. ഫരീദ് അഹമ്മദ് (2) പുറത്താവാതെ നിന്നു. മുസറബാനി ആറ് വിക്കറ്റ് വീഴ്ത്തി.