അഫ്ഗാന് മുന്നില്‍ കളി മറന്ന് ബംഗ്ലാദേശ്, തകര്‍ന്നടിഞ്ഞു; ആദ്യ ഏകദിനം കൈവിട്ടു
41 റണ്‍സ് നേടി പുറത്താവാതെ നിന്ന ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. റഹ്മാനുള്ള ഗുര്‍ബാസ് (22), റഹ്മത്ത് ഷാ (8) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഹഷ്മതുള്ള ഷാഹിദി (9) പുറത്താവാതെ നിന്നു.
ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് ജയം. ചിറ്റഗോങ്, സഹൂര്‍ അഹമ്മദ് ചൗധുരി സ്‌റ്റേഡിയത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 17 റണ്‍സിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 43 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 21.4 ഓവറില്‍ രണ്ടിന് 83 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തി. പിന്നാലെ അഫ്ഗാനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
41 റണ്‍സ് നേടി പുറത്താവാതെ നിന്ന ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. റഹ്മാനുള്ള ഗുര്‍ബാസ് (22), റഹ്മത്ത് ഷാ (8) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഹഷ്മതുള്ള ഷാഹിദി (9) പുറത്താവാതെ നിന്നു. ഷാക്കിബ് അല്‍ ഹസന്‍, ടസ്‌കിന്‍ അഹമ്മദ് എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫസല്‍ഹഖ ഫാറൂഖിയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
51 റണ്‍സ് നേടിയ തൗഹിദ് ഹൃദോയ് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പിടിച്ചുനിന്നത്. തൗഹിദ് ഉള്‍പ്പെടുന്ന ആദ്യ അഞ്ച് താരങ്ങള്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ (13), ലിറ്റണ്‍ ദാസ് (26), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (12), ഷാക്കിബ് (15) എന്നിവരാണ് മറ്റുനാല് പേര്‍. തൗഹിദിന് ശേഷം ക്രീസിലെത്തിയ മുഷ്ഫിഖുര്‍ റഹീം (1), അഫീഫ് ഹുസൈന്‍ (4), മെഹ്ദി ഹസന്‍ മിറാസ് (5) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. ടസ്‌കിന്‍ അഹമ്മദാണ് (7) പുറത്തായ മറ്റൊരു താരം. ഹസന്‍ മഹമൂദ് (8), മുസ്തഫിസുര്‍ റഹ്മാന്‍ (3) എന്നിവര്‍ പുറത്താവാതെ നിന്നു.
ഫസല്‍ഹഖിന് പുറമെ അഫ്ഗാന് വേണ്ടി മുജീബ് ഉര്‍ റഹ്മാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് നബി, അസ്മതുള്ള ഒമര്‍സായ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അഫ്ഗാന്‍ 1-0ത്തിന് മുന്നിലെത്തി. നേരത്തെ, ടെസ്റ്റ് പരമ്പര ബംഗ്ലാദേശ് നേടിയിരുന്നു. രണ്ട് ടി20 മത്സരങ്ങളും പരമ്പരയിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം