ട്വന്‍റി 20 റാങ്കിംഗ്: ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് റാഷിദ് ഖാന്‍; ഹാര്‍ദിക് പാണ്ഡ്യക്കും ഭുവിക്കും കുതിപ്പ്
റാഷിദ് ഖാന് 702 റേറ്റിംഗ് പോയിന്‍റും ഹേസല്‍വുഡിന് 699 റേറ്റിംഗ് പോയിന്‍റുമാണുള്ളത്
ദുബായ്: ഐസിസി ട്വന്‍റി 20 റാങ്കിംഗില്‍ അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍ ബൗളര്‍മാരില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനെയാണ് റാഷിദ് പിന്തള്ളിയത്. ഐസിസി ട്വന്‍റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ മികവാണ് റാഷിദ് ഖാന് തുണയായത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത റാഷിദ് യുവതാരം ഹാരി ബ്രൂക്കിനെ പുറത്താക്കിയിരുന്നു. ന്യൂസിലന്‍ഡിനും ശ്രീലങ്കയ്ക്കുമെതിരെ രണ്ട് മത്സരങ്ങളില്‍ മൂന്ന് വിക്കറ്റ് നേടിയെങ്കിലും റണ്‍സേറെ വഴങ്ങിയതാണ് ഹേസല്‍വുഡിന് തിരിച്ചടിയായത്.
റാഷിദ് ഖാന് 702 റേറ്റിംഗ് പോയിന്‍റും ഹേസല്‍വുഡിന് 699 റേറ്റിംഗ് പോയിന്‍റുമാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ തബ്രൈസ് ഷംസിയാണ് മൂന്നാമത്. ബൗളര്‍മാരില്‍ മൂന്ന് സ്ഥാനങ്ങള്‍ നഷ്‌ടപ്പെടുത്തി ലങ്കന്‍ സ്‌പിന്നര്‍ വനിന്ദു ഹസരങ്ക ആറാം സ്ഥാനത്തേക്കിറങ്ങി. അഫ്‌ഗാനിസ്ഥാനെതിരായ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഇംഗ്ലണ്ട് പേസര്‍ സാം കറന്‍ എട്ട് സ്ഥാനങ്ങളുയര്‍ന്ന് 8-ാം സ്ഥാനത്തേക്കെത്തി. ടി20 ലോകകപ്പില്‍ ഒരു ഇംഗ്ലീഷ് താരത്തിന്‍റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ഇത്. മത്സരത്തില്‍ 10 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ സാം കറന്‍ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗായ 657ലെത്തി. പാകിസ്ഥാനെതിരെ 22ന് ഒരു വിക്കറ്റ് നേടിയ ഇന്ത്യന്‍ വെറ്ററന്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ട് സ്ഥാനങ്ങളുയര്‍ന്ന് പത്തിലെത്തി.
അതേസമയം ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. 14 പോയിന്‍റ് മാത്രം പിന്നിലായി അഫ്‌ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയാണ് തൊട്ടടുത്ത്. ലോകകപ്പിലെ മിന്നും തുടക്കത്തോടെ ഹാര്‍ദിക് പാണ്ഡ്യ മൂന്ന് സ്ഥാനങ്ങളുയര്‍ന്ന് മൂന്നാമതെത്തി. പാകിസ്ഥാനെതിരെ മൂന്ന് വിക്കറ്റും 40 റണ്‍സും പാണ്ഡ്യ നേടിയിരുന്നു. ഓള്‍റൗണ്ടര്‍മാരില്‍ ഇംഗ്ലണ്ടിന്‍റെ മൊയീന്‍ അലി നാലും സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ അഞ്ചാമതും നില്‍ക്കുന്നു.
രോഹിത്തും രാഹുലും പാക്കിസ്ഥാനെതിരെ പേടിച്ചാണ് ക്രീസില്‍ നിന്നതെന്ന് അക്തര്‍