രോഹിത്തും കോലിയുമൊന്നുമല്ല; ആ ഇന്ത്യൻ താരത്തിന്‍റെ കളി കാണാൻ കാശ് മുടക്കിയാലും മുതലാവുമെന്ന് ഗിൽക്രിസ്റ്റ്
ചെന്നൈ ടെസ്റ്റില്‍ ആറാം ടെസ്റ്റ് സെഞ്ചുറി നേടിയ റിഷഭ് പന്ത് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ഇതിഹാസം എം എസ് ധോണിയുടെ സെഞ്ചുറി റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു.
ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ രണ്ട് ഇന്നിംഗ്സിലും ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും വലിയ സ്കോര്‍ നേടാതെ പുറത്തായത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ അശ്വിന്‍ നേടിയ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജ നേടിയ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ തിരിച്ചുവന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ശുഭ്മാന്‍ ഗില്ലിന്‍റെയും റിഷഭ് പന്തിന്‍റെയും സെഞ്ചുറികളുടെ ബലത്തിലാണ് വലിയ ലീഡ് നേടിയത്.
മത്സരത്തില്‍ 280 റണ്‍സിന്‍റെ കൂറ്റന്‍ വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പിംഗ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. കാശ് കൊടുത്ത് കളി കാണാന്‍ ടിക്കറ്റെടുത്താല്‍ അത് മുതലാവുന്നത് റിഷഭ് പന്തിന്‍റെ പ്രകടനം കാണുമ്പോഴാണ്. അതുകൊണ്ടുതന്നെ അവന്‍റെ കളി കാണാന്‍ ഞാന്‍ കാശുകൊടുത്ത് ടിക്കറ്റെടുക്കാന്‍ തയാറാണ്.
സാധാരണ ആരാധകരുും അതുപോലെ ചിന്തിക്കുന്നവരാണെന്നാണ് ഞാന്‍ കരുതുന്നത്. ചെയ്യുന്നതിലെല്ലാം തന്‍റെതായ ഒരു ക്ലാസ് കൊണ്ടുവരാന്‍ റിഷഭ് പന്തിന് കഴിയുന്നുണ്ട്. പലപ്പോഴും തമാശയായിട്ടാണെങ്കില്‍ പോലും അദ്ദേഹം ചെയ്യുന്നത് ഗൗരവമുള്ള കാര്യങ്ങളാണ്. അത് തമാശരീതിയില്‍ ചെയ്യുന്നുവെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ചെന്നൈ ടെസ്റ്റില്‍ ആറാം ടെസ്റ്റ് സെഞ്ചുറി നേടിയ റിഷഭ് പന്ത് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ഇതിഹാസം എം എസ് ധോണിയുടെ സെഞ്ചുറി റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. ആറ് സെഞ്ചുറികളാണ് നിലവില്‍ ഇരുവരുടെയും പേരിലുള്ളത്. ആറ് തവണ പന്ത് 90കളില്‍ സെഞ്ചുറിക്കരികെ പുറത്തായിട്ടുമുണ്ട്.
ബംഗ്ലാദേശിനായി ഫീല്‍ഡ് സെറ്റ് ചെയ്തു കൊടുത്തതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് റിഷഭ് പന്ത്
രണ്ട് വര്‍ഷം മുമ്പ് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റശേഷം ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ മത്സരത്തിലായിരുന്നു റിഷഭ് പന്തിന്‍റെ സെഞ്ചുറി. കരിയറില്‍ 34 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 44.79 ശരാശരിയില്‍ 2419 റണ്‍സ് ആണ് റിഷഭ് പന്ത് ഇതുവരെ അടിച്ചെടുത്തത്. ആറ് സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളും ഇതില്‍ പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക