അതിനുള്ള സാധ്യത 0.1 ശതമാനം മാത്രം, ഐപിഎല്ലിനെ മാറ്റിമറിക്കാവുന്ന കൂടുമാറ്റത്തെക്കുറിച്ച് ഡിവില്ലിയേഴ്സ്
ഐപിഎല്‍ മെഗാ താരലേലത്തില്‍ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശര്‍മ ആർസിബിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഡിവില്ലിയേഴ്സ്.
ബെംഗലൂരു: ഐപിഎല്‍ മെഗാ താരലലേത്തിന് മുന്നോടിയായി ഏതൊക്കെ താരങ്ങളെയാവും ടീമുകള്‍ നിലനിര്‍ത്തുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഓരോ ടീമിനും അഞ്ച് കളിക്കാരെ വീതം നിലനിര്‍ത്താനും ഒരു കളിക്കാരനെ റൈറ്റ് ടു മാച്ച് ഓപ്ഷന്‍ വിളിച്ചെടുക്കാനും അവസരമുണ്ട്. ഇതോടെ മുബൈ ഇന്ത്യൻസ് ടീമില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ നിലനിര്‍ത്താനുള്ള സാധ്യതയും തുറന്നിട്ടുണ്ട്.
എങ്കിലും കഴിഞ്ഞ സീസണില്‍ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ രോഹിത് മുംബൈ വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും പുറത്തുവരുന്നുമുണ്ട്. മുംബൈ വിടുന്ന രോഹിത് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവില്‍ ക്യാപ്റ്റനായി ചേരുമെന്നാണ് അത്തരത്തില്‍ വന്നൊരു റിപ്പോര്‍ട്ട്. ആര്‍സിബിയെ ഐപിഎല്‍ ചാമ്പ്യൻമാരാക്കിയശേഷമാകും രോഹിത് ഐപിഎല്‍ മതിയാക്കുകയെന്നും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ രോഹിത് ആര്‍സിബിയിലെത്താന്‍ യാതൊരു സാധ്യതയുമില്ലെന്ന് തുറന്നു പറയുകയാണ് മുന്‍ താരം എ ബി ഡിവില്ലിയേഴ്സ്. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരാറുള്ളതെന്നും ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ അത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂടുമാറ്റമായിരിക്കുമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. ഒരുപക്ഷെ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസില്‍ തിരിച്ചെത്തുന്നതിനേക്കാള്‍ വലിയ സംഭവമായിരിക്കും അത്. ഹാര്‍ദ്ദിക്കിന്‍റെ തിരിച്ചുവരവ് ഏറെക്കുറെ പ്രതീക്ഷിച്ചതായിരുന്നു.പക്ഷെ രോഹിത്തിന്‍റെ കാര്യം അങ്ങനെയല്ല. കാരണം, രോഹിത് പോകുമെന്ന് പറയുന്നത് ചിരവൈരികളായ ആര്‍സിബിയിലേക്കാണ്. അത് സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.
രോഹിത് മുംബൈ ഇന്ത്യൻസ് വിടാനുള്ള സാധ്യതയേ ഞാന്‍ കാണുന്നില്ല, പിന്നല്ലേ ആര്‍സിബിയില്‍ ചേരുന്നത്. അതുകൊണ്ട് തന്നെ രോഹിത് ആര്‍സിബിയിലെത്താന്‍ 0.01 ശതമാനം സാധ്യത മാത്രമാണ് താന്‍ കാണുന്നതെന്ന് ഡിവില്ലിയേഴ്സ് യുട്യൂബ് ചാനലില്‍ പറഞ്ഞു. വരുന്ന സീസണുകളില്‍ ആര്‍സിബിയെ ഫാഫ് ഡൂപ്ലെസി തന്നെ നയിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. ഡൂപ്ലെസിക്ക് 40 വയസാവുന്നതൊന്നും ഒരു പ്രശ്നമേയല്ല, പ്രായം വെറും അക്കങ്ങൾ മാത്രമാണ്. ഇതുവരെ ആര്‍സിബിക്കായി കിരീടം നേടിയില്ല എന്ന സമ്മര്‍ദ്ദമുണ്ടാകുമെന്നുറപ്പാണ്. പക്ഷെ ഡൂപ്ലെസി അസാമാന്യ കളിക്കാരനും ക്യാപ്റ്റനുമാണ്. കോലിയെ അദ്ദേഹത്തെ പിന്തുണക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക