ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരെ ടി20 ലോകകപ്പിനും പരിഗണിച്ചേക്കില്ലെന്ന സൂചന നല്‍കി ഫിഞ്ച്
ഇത്തവണ ഐപിഎല്ലില്‍ കളിച്ച ഡേവിഡ് വാര്‍ണര്‍, പാറ്റ് കമിന്‍സ്, ഗ്ലെന്‍ മാക്സ്‌വെല്‍, ജെയ് റിച്ചാര്‍ഡ്സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, മാര്‍ക്കസ് സ്റ്റോയിനസ്, ഡാനിയേല്‍ സാംസ് എന്നിവരാണ് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസിനും ബംഗ്ലാദേശിനുമെതിരായ ഓസ്ട്രേലിയയുടെ പരമ്പരകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
സിഡ്നി: വെസ്റ്റ് ഇന്‍ഡീസിനും ബംഗ്ലാദേശിനുമെതിരായ ടി20 പരമ്പരകള്‍ക്കുള്ള ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് വിട്ടു നില്‍ക്കുന്ന താരങ്ങളെ ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഓസീസ് ടീമിലേക്കും പരിഗണിച്ചേക്കില്ലെന്ന് സൂചന നല്‍കി നായകന്‍ ആരോണ്‍ ഫിഞ്ച്. ഐപിഎല്ലിനും ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഓസീസ് താരങ്ങളാണ് ഓസ്ട്രേലിയയുടെ വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
സെപ്റ്റംബറില്‍ യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ ഇവര്‍ കളിച്ചേക്കുമെന്നും ഇതിനായാണ് ഇപ്പോഴത്തെ പരമ്പരകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫിഞ്ചിന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ താരമായിരുന്ന ഫിഞ്ചിനെ ഈ സീസണില്‍ ആരും ടീമിലെടുത്തിരുന്നില്ല.
ഇത്തവണ ഐപിഎല്ലില്‍ കളിച്ച ഡേവിഡ് വാര്‍ണര്‍, പാറ്റ് കമിന്‍സ്, ഗ്ലെന്‍ മാക്സ്‌വെല്‍, ജെയ് റിച്ചാര്‍ഡ്സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, മാര്‍ക്കസ് സ്റ്റോയിനസ്, ഡാനിയേല്‍ സാംസ് എന്നിവരാണ് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസിനും ബംഗ്ലാദേശിനുമെതിരായ ഓസ്ട്രേലിയയുടെ പരമ്പരകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. അതേസമയം, ഐപിഎല്ലിനിടെ പരിക്കേറ്റ സ്റ്റീവ് സ്മിത്താകട്ടെ പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതനായിട്ടുമില്ല.
നിലവിലെ ഫോം വെച്ചു മാത്രമെ ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കാനാകൂവെന്നും അതുകൊണ്ടുതന്നെ ഇപ്പോള്‍ ടീമിന്‍റെ ഭാഗമായവര്‍ക്ക് ഫോം തെളിയിച്ചാല്‍ ലോകകപ്പ് ടീമിലിടം നേടാനാവുമെന്നും ഫിഞ്ച് പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനും ബംഗ്ലാദേശിനുമെതിരെ മികച്ച പ്രകടനം നടത്തി ടീമില്‍ സ്ഥാനം ഉറപ്പാക്കാന്‍ യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിതെന്നും ഫിഞ്ച് പറഞ്ഞു.
ഈ മാസം 28ന് വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകുന്ന ഓസ്ട്രേലിയന്‍ ടീം ജൂലൈ 10 മുതദല്‍ 25 വരെ അഞ്ച് ടി20 മത്സരങ്ങളില്‍ കളിക്കും. കണ്ണിന് അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായ ഫിഞ്ചാണ് ഓസീസിനെ നയിക്കുന്നത്.