ഓപ്പണറായി രോഹിത്, ക്യാപ്റ്റനായി സര്‍പ്രൈസ് താരം; ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ
രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തുന്നത് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡാണ്.
ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടാനിരിക്കെ ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴ് ജയങ്ങളുമായി ഫൈനലിലെത്തിയ ഇന്ത്യൻ ടീമിന്‍റെ നായകനായ രോഹിത് ശര്‍മ അടക്കം മൂന്ന് ഇന്ത്യൻ താരങ്ങളാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ലോകകപ്പ് ഇലവനിലുള്ളത്.
അഫ്ഗാനിസ്ഥാനെ ലോകകപ്പ് സെമി ഫൈനലിലെത്തിച്ച റാഷിദ് ഖാനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ലോകകപ്പ് ഇലവന്‍റെ നായകനായി തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തുന്നത് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഇന്ത്യന്‍ താരം റിഷഭ് പന്തിന് ഇടമില്ല. വെസ്റ്റ് ഇന്‍ഡീസിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത നിക്കോളാസ് പുരാനാണ് ലോകകപ്പ് ടീമിലെ മൂന്നാം നമ്പര്‍ ബാറ്ററും വിക്കറ്റ് കീപ്പറും.
അമേരിക്കന്‍ താരം ആരോണ്‍ ജോണ്‍സ് ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ്, ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരടങ്ങുന്നതാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്ത ലോകകപ്പ് ഇലവന്‍റെ ബാറ്റിംഗ് നിര. റാഷിദ് ഖാന്‍ സ്പെഷലിസ്റ്റ് സ്പിന്നറും ക്യാപ്റ്റനുമായി ടീമിലെത്തുമ്പോള്‍ ബംഗ്ലാദേശ് താരം റിഷാദ് ഹൊസൈന്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ക്യ, അഫ്ഗാന്‍ പേസര്‍ ഫസല്‍ഹഖ് ഫാറൂഖി എന്നിവരാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്ത ടീമിലുള്ളത്. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളില്‍ നിന്ന് ഒറ്റ താരം പോലും ടീമിലെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്ത ലോകകപ്പ് ഇലവന്‍: രോഹിത് ശർമ, ട്രാവിസ് ഹെഡ്, നിക്കോളാസ് പുരാൻ, ആരോൺ ജോൺസ്, മാർക്കസ് സ്റ്റോയിനിസ്, ഹാർദ്ദിക് പാണ്ഡ്യ, റാഷിദ് ഖാൻ (ക്യാപ്റ്റൻ), റിഷാദ് ഹൊസൈൻ, ആൻറിച്ച് നോർക്യ, ജസ്പ്രീത് ബുമ്ര, ഫസൽഹഖ് ഫാറൂഖി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക