കോലിയും രോഹിത്തും തിരിച്ചെത്തും, 2 യുവതാരങ്ങൾ അരങ്ങേറും; ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
മൂന്നാം നമ്പറില്‍ പതിവുപോലെ വിരാട് കോലി എത്തുമ്പോള്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലുമാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ കൊളംബോയില്‍ തുടക്കമാകും. സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തില്‍ ടി20 പരമ്പര തൂത്തുവാരിയ ടീമിലെ ഏതാനും താരങ്ങള്‍ മാത്രമാണ് ഏകദിന പരമ്പരക്കുള്ള ടീമിലുള്ളത്. 2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ക്രിക്കറ്റില്‍ വീണ്ടും ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. ടി20 ടീമിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, റിങ്കു സിംഗ്, രവി ബിഷ്ണോയ് എന്നിവരാരും ഏകദിന ടീമിലില്ല.
അതേസമയം, റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ് ശിവം ദുബെ, റിഷഭ് പന്ത് എന്നിവരെല്ലാം ഏകദിന ടീമിലുമുണ്ട്. ട20 പരമ്പരയില്‍ കളിച്ച ആര്‍ക്കൊക്കെ ഏകദിന ടീമില്‍ അവസരം കിട്ടുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണറായി ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മാന്‍ ഗില്‍ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്.
ഐപിഎല്‍ താരലലേലം; ബിസിസിഐ യോഗത്തില്‍ പരസ്പരം പോരടിച്ച് ഷാരൂഖും നെസ് വാഡിയയും
മൂന്നാം നമ്പറില്‍ പതിവുപോലെ വിരാട് കോലി എത്തുമ്പോള്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലുമാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഹാര്‍ദ്ദിക് പാണ്ഡ്യ ഇല്ലാത്തതിനാല്‍ ഫിനിഷറായി റിഷഭ് പന്തിനെ കളിപ്പിക്കണോ റിയാന്‍ പരാഗിനെയോ ശിവം ദുബെയെയോ കളിപ്പിക്കണമെന്ന ആശയക്കുഴപ്പം ഇന്ത്യക്കുണ്ട്. പാര്‍ട്ട് ടൈം സ്പിന്നറാണെന്നത് കൂടി കണക്കിലെടുത്താല്‍ റിയാന്‍ പരാഗിനെ ഏകദിന അരങ്ങേറ്റത്തിന് അവസരമൊരുങ്ങുമെന്നാണ് കരുതുന്നത്.
രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്സര്‍ പട്ടേലാകും സ്പിന്‍ ഓള്‍ റൗണ്ടറായി ടീമിലെത്തുക. സ്പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ ടി20 പരമ്പരയുടെ താരമായ വാഷിംഗ്ടണ്‍ സുന്ദറിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. കുല്‍ദീപും അക്സറും പരാഗും അടക്കം മൂന്ന് സ്പിന്നര്‍മാരുള്ളതാണ് സുന്ദറിന് തടസമാകുക. എന്നാല്‍ ടി20 പരമ്പരയില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനില്‍ തുടരും. ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസറായ ഹര്‍ഷിത് റാണക്കും നാളെ അരങ്ങേറ്റത്തിന് അവസരമൊരുങ്ങും. സിറാജിനും ഹര്‍ഷിതിനുമൊപ്പം അര്‍ഷ് ദീപ് സിംഗും പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തശേഷം പിന്‍മാറുന്ന വിദേശ താരങ്ങളെ വിലക്കണം; ആവശ്യവുമായി ടീം ഉടമകള്‍
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശർമ്മ, ശുഭ്‌മാൻ ഗിൽ വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ,റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, കുൽദീപ് യാദവ്, ഹര്‍ഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക