'സഹായം വേണം'; കൊവിഡ് പ്രതിസന്ധി കാണിച്ച് പ്രധാനമന്ത്രിക്ക് കെജ്രിവാളിന്റെ കത്ത്
രാജ്യ തലസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് കൂടതൽ ഓക്സിജനും കിടക്കകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു
ദില്ലി: രാജ്യ തലസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് കൂടതൽ ഓക്സിജനും കിടക്കകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് സാഹചര്യം ഗുരുതരമായിരിക്കെ കൊവിഡ് രോഗികൾക്കുള്ള ആശുപത്രി കിടക്കകൾക്കും ഓക്സിജനും കടുത്ത ക്ഷാമം നേരിടുന്നതായാണ് കത്തിൽ പറയുന്നത്. ഞങ്ങൾക്ക് താങ്കളുടെ സഹായം ആവശ്യമുണ്ട്. കേന്ദ്ര സർക്കാറിന്റെ ആശുപത്രികളിലായി പതിനായിരം കിടക്കകളാണുള്ളത്. അതിൽ 1800 കിടക്കകൾ മാത്രമാണ് കൊവിഡ് രോഗികൾക്കായി മാറ്റിവച്ചിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് 7000 കിടക്കകളെങ്കിലും അനുവദിക്കണം.
ദില്ലിക്കായി ഓക്സിജൻ അനുവദിക്കണമെന്നും കത്തിൽ കെജ്രിവാൾ ആവശ്യപ്പെടുന്നു. നിലവിൽ ആകെയുള്ള 17609 കിടക്കകളിൽ 3148 എണ്ണം മാത്രമാണ് ഒഴിവുള്ളത്. 24 മണിക്കൂറിനിടെ 25500 രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ ബെഡുകൾ അപര്യാപ്തമാണെന്നും കെജ്രിവാൾ പറയുന്നു. ഡിആർഡിഒ 500 ഐസിയു ബെഡുകൾ അനുവദിച്ചതിന് നന്ദി രേഖപ്പെടുത്തുന്നു. 100 ബെഡുകൾ കൂടി ഈയിനത്തിൽ അനുവദിക്കണമെന്നും അഭ്യർത്ഥിക്കുന്നതായും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.