കൊവിഡ് 19 വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവമായിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു
മതവിശ്വാസം തന്നെ രക്ഷിക്കുമെന്നും വെന്‍റിലേറ്ററിന്‍റെ ആവശ്യമില്ലെന്നും ശഠിച്ച ഇയാളെ ആരോഗ്യ നില വഷളായതോടെയാണ് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. അമേരിക്കയിലെ മഹാമാരി വിദഗ്ധരേക്കാള്‍ ബൈബിളിനെ ആണ് വിശ്വാസമെന്നായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.
കൊവിഡ് 19 വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവമായിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ലോസാഞ്ചലസിലെ ഹില്‌സോംഗ് മെഗാ ചര്‍ച്ച് അംഗവും വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവവും ആയിരുന്ന സ്റ്റീഫര്‍ ഹെര്‍മോണാണ് ഒരു മാസത്തോളം കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ശേഷം മരിച്ചത്. വാക്സിന്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്നത് പ്രചരിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ സീരീസുകളിലൂടെ ഏറെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ഇയാള്‍.
34 കാരനാണ് സ്റ്റീഫന്‍ ഹെര്‍മോണ്‍. തനിക്ക് 99 പ്രശ്നങ്ങള്‍ വന്നാല്‍ പോലും അതിലൊന്നുപോലും വാക്സിന്‍ അല്ലെന്നായിരുന്നു ജൂണ്‍ മാസം ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. കൊവിഡ് ബാധിച്ച ശേഷം ന്യൂമോണിയയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം. വെന്‍റിലേറ്റര്‍ പ്രവേശിപ്പിച്ച ശേഷവും വാക്സിന് വിരുദ്ധമായായിരുന്നു ഇയാളുടെ പ്രതികരണം. മതവിശ്വാസം തന്നെ രക്ഷിക്കുമെന്നും വെന്‍റിലേറ്ററിന്‍റെ ആവശ്യമില്ലെന്നും ശഠിച്ച ഇയാളെ ആരോഗ്യ നില വഷളായതോടെയാണ് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.
അമേരിക്കയിലെ മഹാമാരി വിദഗ്ധരേക്കാള്‍ ബൈബിളിനെ ആണ് വിശ്വാസമെന്നായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. കാലിഫോര്‍ണിയയിലെ മതഗ്രൂപ്പുകളില്‍ സജീവമായിരുന്നു സ്റ്റീഫന്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാലിഫോര്‍ണിയയില്‍ കൊവിഡ് കേസുകള്‍ വ്യാപകമായ വര്‍ധിക്കുകയാണ്. വാക്സിന്‍ സ്വീകരിക്കാത്തവരാണ് ഇവരില്‍ ഏറെയുമെന്നാണ് ബിബിസി റിപ്പോര്‍ട്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona