കൊവിഡ് രണ്ടാം തരംഗം; പ്രതിരോധത്തിന് ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ
കൊവിഡ് രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇമ്രാൻ ഖാൻ കൊവിഡ് രോഗബാധയിൽ വലയുന്നവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും വ്യക്തമാക്കി. ഈ ആഗോള പ്രതിസന്ധിക്കെതിരെ മനുഷ്യത്വം കൊണ്ട് ഒറ്റക്കെട്ടായി പൊരുതാമെന്നും ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
പാക്കിസ്ഥാനിലെ ചില നഗരങ്ങളിലും കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഇന്ത്യയിലേതിന് സമാനമാണ്. ഇത് സംബന്ധിച്ച് ദേശീയ ഏകോപന സമിതി യോഗത്തിൽ ഇന്ത്യയിലേതിന് സമാനമായ സാഹചര്യമുണ്ടായാൽ നഗരങ്ങൾ അടച്ചിടുമെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കിയതായി ന്യസ് ഏജൻസിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാനിലെ ജനങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയായ എധി വെൽഫെയർ ട്രസ്റ്റ് രംഗത്തെത്തിയിരുന്നു. 50 ആംബുലൻസുകളും മറ്റ് സഹായങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ട്രസ്റ്റ് മേധാവി ഫൈസൽ എധി ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് വ്യക്തമായി അറിയുന്നുണ്ടെന്നും സംഘടന വ്യക്തമാക്കിയിരുന്നു.