അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഓൺലൈൻ സംവിധാനം; പൂർണ വിവരങ്ങൾ അറിയാം
ലോക്ക്ഡൗണ്‍ കാലത്ത് അത്യാവശ്യക്കാർക്ക് യാത്ര ചെയ്യാന്‍ പൊലീസ് പാസ് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ വഴി പാസിന് അപേക്ഷിക്കാൻ സാധിക്കും.
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് അത്യാവശ്യക്കാർക്ക് യാത്ര ചെയ്യാന്‍ പൊലീസ് പാസ് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ വഴി പാസിന് അപേക്ഷിക്കാൻ സാധിക്കും. കേരള പൊലിസിന്റെ https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.
പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അനുമതി പത്രം ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ഇതുപയോഗിച്ച് യാത്ര ചെയ്യാന്‍ തിരിച്ചറിയൽ രേഖയും ഒപ്പം കരുതണം.
മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കാണ് പാസ് അനുവദിക്കുക. ദിവസ വേതനക്കാരായ തൊഴിലാളികൾ, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആശുപത്രി ജീവനക്കാന്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സേവന വിഭാഗങ്ങള്‍ക്ക് പാസില്ലാതെയും യാത്ര ചെയ്യാം. അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കരുതണം.
അടുത്തുള്ള കടകളിൽ അവശ്യസാധനങ്ങളും മരുന്നും വാങ്ങാനായി സത്യപ്രസ്താവന നൽകിയാൽ മതിയാകും. ഇതിന്റെ മാതൃകയും സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ മാതൃകയിൽ വെള്ള പേപ്പറിൽ എഴുതിയ സത്യപ്രസ്താവനയും സ്വീകരിക്കും. അടിയന്തരമായി പാസ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷ നല്‍കാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.
പാസിന് അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona