കേന്ദ്ര വാക്സിൻ നയം അധിക ബാധ്യത; കയ്യിൽ പണമുള്ളവർ സ്വീകരിക്കട്ടെ എന്ന നയം സ്വീകാര്യമല്ല: മുഖ്യമന്ത്രി

കേന്ദ്ര വാക്സിൻ നയം സംസ്ഥാനത്തിന് അധിക ബാധ്യത; കയ്യിൽ പണമുള്ളവർ  വാക്സിൻ സ്വീകരിക്കട്ടെ എന്ന നയം സ്വീകാര്യമല്ലെന്നും മുഖ്യന്ത്രി

Central Vaccine Policy Additional Liability to the State policy of allowing rich people to get vaccinated is not acceptable CM pinarayi

തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ വാക്സീൻ നയം സംസ്ഥാന സർക്കാറിന് അധിക ബാധ്യത ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 400 രൂപയ്ക്ക് വാക്സിൻ വാങ്ങണമെങ്കിൽ 1300 കോടി സംസ്ഥാനത്തിന് അധിക ബാധ്യത വരും.  മഹാമാരി കാലത്ത് ഇത് സംസ്ഥാനങ്ങൾക്ക് വലിയ ബാധ്യതയാണ്. ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായും അദ്ദേഹം പറയുന്നു. എന്നാൽ എല്ലാം സംസ്ഥാനങ്ങളും ആവശ്യപ്പെട്ട കാര്യത്തിൽ പ്രധാനമന്ത്രി വ്യക്തമായ മറുപടി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും സൌജന്യ വാക്സിൻ നൽകണമെന്നാണ് കേരളത്തിന്റെ അഭ്യർത്ഥന. സംസ്ഥാനങ്ങൾക്ക് ക്വാട്ട നിശ്ചയിക്കുന്നതിനാൽ വാക്സിന് വേണ്ടി മത്സരം ഉണ്ടായേക്കാം. സംസ്ഥാനങ്ങളെ കടുത്ത അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന അവസ്ഥ ഒട്ടും ആശാസ്യമല്ല.  കയ്യിൽ പണമുള്ളവർ മാത്രം വാക്സിൻ സ്വീകരിക്കട്ടെ എന്ന നയം സ്വീകാര്യമല്ല. കേരളത്തിൽ വാക്സിൻ സൌജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

കേന്ദ്ര വാക്സീൻ നയത്തിന്റെ ഒരു ഭാഗത്തിനോടാണ് വിയോജിപ്പ്.  ചികിത്സയുടെയും പ്രതിരോധത്തിന്റെയും ഭാഗമായി വലിയ തോതിലുള്ള ബാധ്യത വഹിക്കുന്ന സാഹചര്യത്തിൽ വാക്സീൻ ബാധ്യത കൂടി വഹിക്കാൻ സാധിക്കില്ല. കേന്ദ്രത്തിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കാൻ നിന്നാൽ വാക്സിനേഷൻ നടപടി വൈകിപ്പോകും, ജനങ്ങളുടെ ജീവനന്റെ കാര്യമായതിനാൽ കാത്തിരിക്കാനാവില്ല. അതാണ് വാക്സീൻ വാങ്ങാനുള്ള നടപടികൾ വേഗത്തിലാക്കിയത്.

നിലവിൽ നൽകിയ വാക്സിന് പണം ഈടാക്കിയിട്ടില്ല. ഇനിയുള്ള വാക്സീൻ നടപടികൾക്ക് അമ്പത് ശതമാനം സംസ്ഥാനം നൽകാനാണ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ബാധ്യത തന്നെയാണ് 1300 കോടിയോളും വരുമെന്ന് പറഞ്ഞതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. 45 വയസിന് മുകളിലുള്ള 1.13 കോടി പേർ കേരളത്തിലുണ്ട്. നിലവിൽ ബാക്കിയുള്ള വാക്സീൻ രണ്ട് ദിവസം കൊണ്ട് തീരുമെന്നും അദ്ദേഹം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios