നോയിഡയിൽ സർക്കാർ ആശുപത്രിയിൽ കിടക്കയും ഓക്സിജനും ലഭിക്കാതെ യുവ എഞ്ചിനീയർ മരിച്ചു
കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തിന്റെ പലയിടങ്ങളിലും പ്രതിസന്ധികൾ രൂക്ഷമായി തുടരുന്നു.
ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തിന്റെ പലയിടങ്ങളിലും പ്രതിസന്ധികൾ രൂക്ഷമായി തുടരുന്നു. വ്യാഴാഴ്ച ഉത്തർപ്രദേശിലെ നോയിഡയിൽ 35-കാരി ഓക്സിജൻ ലഭിക്കാതെ മരിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. നോയിഡയിൽ സർക്കാർ ആശുപത്രിയിലെ പാർക്കിങ് ഗ്രൌണ്ടിൽ കാറിൽ വച്ചാണ് യുവതി മരണത്തിന് കീഴടിങ്ങിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ യുവതിക്കൊപ്പമുള്ളയാൾ ബെഡിനായി മൂന്നു മണിക്കൂറോളം യാചിച്ചിട്ടും പ്രവേശനം ലഭിച്ചില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ട് കുട്ടികളുടെ അമ്മയും ഗ്രേറ്റർ നോയിഡയിൽ എഞ്ചിനിയറുമായ ജാഗ്രിതി ഗുപ്ത എന്ന യുവതിയാണ് മരണത്തിന് കീഴടങ്ങിയത്. കുടെവന്നയാൾ വൈകുന്നേരം 3.30- ഓടെഎത്തി പല തവണ ആവശ്യപ്പെട്ടിട്ടും കിടക്ക ലഭ്യമാക്കിയില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞതായും റിപ്പോർട്ട് പറയുന്നു.
ഓക്സിജൻ ക്ഷാമമില്ലെന്നും ബെഡുകളടക്കമുള്ള സൌകര്യങ്ങൾ ഏർപ്പെടുത്തിയതായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. എന്നാൽ യുപിയിൽ ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി എൻഡിടിവി റിപ്പോർട്ട് പറയുന്നു. കൊവിഡ് രോഗികൾക്ക് ആശുപത്രികളിൽ കിടക്കകൾ ലഭിക്കുന്നില്ല, രോഗികളുമായി വീട്ടിലേക്ക് മടങ്ങാൻ നിർബന്ധിക്കുന്നുവെന്നുമാണ് റിപ്പോർട്ട് പറയുന്നത്.