'കൊവിഡ് നൽകിയിട്ട് നിങ്ങൾ ഓടി രക്ഷപ്പെട്ടു'; പരോക്ഷമായി ബിജെപിയെ കടന്നാക്രമിച്ച് മമത ബാനർജി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി സംസ്ഥാനത്തിന് പുറത്തു നിന്ന് കൊണ്ടുവന്ന നൂറുകണക്കിന് ആളുകളിൽ നിന്നാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപിച്ചതെന്നാണ് മമത ബാനർജിയുടെ ആരോപണം.
കൊൽക്കത്ത: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി മമത ബാനർജി. സർക്കാർ കൃത്യസമയത്ത് വാക്സീൻ നൽകിയിരുന്നെങ്കിൽ കൊവിഡിന്റെ രണ്ടാം തരംഗം സംഭവിക്കില്ലായിരുന്നു എന്നും മമത പറഞ്ഞു. ബുധനാഴ്ച വടക്കൻ ബംഗാളിലെ ജൽപാഗുരിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് പാർട്ടിയുടെ പേര് പരാമർശിക്കാതെയുള്ള മമതയുടെ കുറ്റപ്പെടുത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി സംസ്ഥാനത്തിന് പുറത്തു നിന്ന് കൊണ്ടുവന്ന നൂറുകണക്കിന് ആളുകളിൽ നിന്നാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപിച്ചതെന്നാണ് മമത ബാനർജിയുടെ ആരോപണം.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഡോ. പ്രദീപ് ബർമൻ റാലിയിലുണ്ടായിരുന്നില്ല. കൊവിഡ് സ്ഥീരീകരിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഈ വിശദാംശങ്ങളൊന്നും തന്നെ മമത പങ്കുവച്ചില്ല. പ്രദീപ് ബർമന് ചുമയും ജലദോഷവുമാണെന്നും അതിനാലാണ് റാലിയിൽ പങ്കെടുക്കാൻ എത്താതിരുന്നതെന്നും മമത ബാനർജി വ്യക്തമാക്കി. 'ഈ ദിവസങ്ങളിലെല്ലാം നിങ്ങൾ എവിടെപ്പോയി? കൊവിഡിനെ കൊണ്ടുവന്നിട്ട് നിങ്ങൾ ഓടിപ്പോയി. ഞങ്ങൾ എല്ലാം സുഖപ്പെടുത്തിയതായിരുന്നു. കൃത്യസമയത്ത് എല്ലാവർക്കും വാക്സീൻ നൽകിയിരുന്നെങ്കിൽ മഹാമാരിയുടെ രണ്ടാം തരംഗം ഉണ്ടാകില്ലായിരുന്നു.' പാർട്ടിയുടെ പേരെടുത്ത് പറയാതെയാണ് മമതയുടെ വിമർശനം.
''നിങ്ങൾക്കറിയാമോ? അവർ ധാരാളം ജനങ്ങളെ സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിൽ അവർക്ക് ധാരാളം ആളുകളെ പുറത്ത് നിന്ന് ലഭിച്ചു. അവർ ഇവിടെ രോഗം വിതച്ചിട്ട് ഓടിപ്പോയി. ഇപ്പോൾ അവർ പറയുന്നത് ഞങ്ങൾക്ക് വോട്ട് തരൂ എന്നാണ്. രോഗം എപ്പോൾ വേണമെങ്കിലും ആർക്കും ബാധിക്കാം. ജനങ്ങൾക്ക് ശരിയായ ചികിത്സ ലഭിക്കണം. കഴിഞ്ഞ തവണ കൊവിഡ് വന്നപ്പോൾ അവർ ആരും ഇവിടെ വന്നില്ല. ഇപ്പോൾ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് അവർ വന്നത്.'' മമത ബാനർജി പറഞ്ഞു.
മമതയുടെ പരാമർശത്തെ അപലപിച്ച് ബിജെപി രംഗത്തെത്തി. മൂന്നരമണിക്കൂർ ഗാന്ധി പ്രതിമക്ക് മുന്നിലിരുന്ന് ചിത്രം വരക്കുന്നതിന് പകരം ആരോഗ്യപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്താമായിരുന്നു. അത് ബംഗാളിലെ ജനങ്ങൾ വളരെ സഹായമാകുമായിരുന്നു എന്ന് ബിജെപി വൈസ് പ്രസിഡന്റ് ജയ്പ്രകാശ് മജൂംദാർ മറുപടി നൽകി. തെരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശം നടപ്പിലാക്കാൻ ആവശ്യമായ ചർച്ചകൾക്ക് ബംഗാളിലെ മുഖ്യ ഇലക്ഷൻ ഓഫീസർ ഏപ്രിൽ 16 ന് സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.