കൊവിഡ് വാക്സിൻ പാർശ്വഫലത്താൽ രാജ്യത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
31 കേസുകളുടെ പഠനത്തിലാണ് ഇതില്‍ ഒരാളുടെ മരണം വാക്സിൻ എടുത്ത ശേഷം ഉണ്ടായ അനഫെലാക്സിസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ദില്ലി: കൊവിഡ് വാക്സിൻ സ്വീകരിച്ചതിനെത്തുടർന്നുണ്ടായ പാര്‍ശ്വഫലത്താല്‍ അറുപത്തിയേട്ടുകാരന്‍ മരിച്ചതായി കേന്ദ്രസർക്കാരിന്റെ സ്ഥിരീകരണം. വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന ഗുരുതര പാര്‍ശ്വഫലങ്ങളെ കുറിച്ച് പഠനം നടത്തുന്ന കേന്ദ്രസമിതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
31 കേസുകളുടെ പഠനത്തിലാണ് ഇതില്‍ ഒരാളുടെ മരണം വാക്സിൻ എടുത്ത ശേഷം ഉണ്ടായ അനഫെലാക്സിസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2021 മാര്‍ച്ച് എട്ടിനാണ് അറുപത്തിയെട്ടുകാരന് വാക്സിന്‍ സ്വീകരിച്ചത്. പാര്‍ശ്വഫലത്തെ തുടര്‍ന്ന് സംഭവിച്ച ഏക മരണം ഇതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എഇഎഫ്ഐ കമ്മിറ്റി അധ്യക്ഷന്‍ ഡോക്ടര്‍ എന്‍.കെ. അറോറ അറിയിച്ചു.
കമ്മിറ്റി ഫെബ്രുവരി 5ന് അഞ്ച് കേസുകളും, മാര്‍ച്ച് 9ന് എട്ട് കേസുകളും, മാര്‍ച്ച് 31ന് 18 കേസുകളുമാണ് പരിശോധിച്ചത്. ഏപ്രില്‍ ആദ്യവാരത്തെ വിവരം അനുസരിച്ച് വാക്സിന്‍ എടുത്തവരില്‍ മരിച്ചവര്‍ ദശ ലക്ഷം ഡോസിന് 2.7 മരണം എന്ന നിരക്കിലാണ്. അതേ സമയം ആശുപത്രി വാസം ഉണ്ടായത് ദശലക്ഷം ഡോസിന് 4.8 എന്ന നിരക്കിലാണ്. പക്ഷെ ഈ കേസുകള്‍ എല്ലാം വിശദമായി പരിശോധിച്ച പാനല്‍ ഇവയില്‍ ഭൂരിഭാഗവും വാക്സിന്‍ കാരണമല്ലെന്ന് കണ്ടെത്തി.
മൂന്ന് മരണം കൂടി വാക്സിനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് കേന്ദ്ര സമിതി സ്ഥിരീകരിച്ചിട്ടുള്ളത്. ലോകാരോഗ്യസംഘടന വാക്സിൻ എടുത്താൽ ഉണ്ടായേക്കാവുന്ന ഗുരുതര പാര്‍ശ്വഫലങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഒന്നാണ് അനഫെലാക്സിസ്.