വാഹനം ലഭിച്ചില്ല; കൊവിഡ് പോസിറ്റീവായ മോഷ്ടാവിനെ നഗ്നപാദനായി ജയിലിലേക്ക് നടത്തിച്ച് പൊലീസ് ഉദ്യോഗസ്ഥൻ
പിപിഇ കിറ്റ് ധരിച്ച പൊലീസ് ഉദ്യോഗസ്ഥനൊപ്പം രണ്ട് പേർ ചെരിപ്പില്ലാതെ നടന്നു പോകുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് സംഭവം പുറത്തു വന്നത്.
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗ്നപാദരായി തെരുവിലൂടെ നടത്തി ജയിലിലെത്തിച്ച് പോലീസ് ഉദ്യോഗസ്ഥൻ. പൊലീസ് ഉദ്യോഗസ്ഥൻ പിപിഇ കിറ്റ് ധരിച്ചാണ് ഇവർക്കൊപ്പം നടക്കുന്നത്. ഗവൺമെന്റ് റെയിൽവേ പൊലീസ് അധികൃതരോട് ഇവരെ ജയിലിലെത്തിക്കാൻ വാഹനം ആവശ്യപ്പെട്ടപ്പോൾ ലഭ്യമല്ലെന്നായിരുന്നു മറുപടി. അതുകൊണ്ടാണ് നടന്നു പോയതെന്നും പൊലീസ് വ്യക്തമാക്കി. പിപിഇ കിറ്റ് ധരിച്ച പൊലീസ് ഉദ്യോഗസ്ഥനൊപ്പം രണ്ട് പേർ ചെരിപ്പില്ലാതെ നടന്നു പോകുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് സംഭവം പുറത്തു വന്നത്.
മോഷണക്കേസുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച രണ്ട് പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഇവരെ കൊവിഡ് സെന്ററിൽ എത്തിച്ച് കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ഇവരിൽ ഒരാൾ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. വാഹനം കിട്ടാനില്ലെന്ന് അറിഞ്ഞയുടനെയാണ് ഇവരുടെ ഒപ്പം ജയിലിലേക്ക് നടന്നു പോകാൻ തീരുമാനിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.