'കോൺഗ്രസ് ടൂൾകിറ്റ്' വിവാദം, ബിജെപിക്ക് തിരിച്ചടി, സംബിത് പാത്രയുടെ ട്വീറ്റ് വ്യാജരേഖയെന്ന് ട്വിറ്റർ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സർക്കാരിന്‍റെയും പ്രതിച്ഛായ മോശമാക്കാൻ കോൺഗ്രസ് ടൂൾകിറ്റ് ഉണ്ടാക്കി എന്ന ആരോപണമുന്നയിച്ചുള്ള ബിജെപി വക്താവ് സംബിത് പാത്രയുടെ ട്വീറ്റ് വ്യാജരേഖയാണെന്ന് അടയാളപ്പെടുത്തി ട്വിറ്റർ.
ദില്ലി: പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെതിരെ ടൂൾകിറ്റ് ആരോപണമുന്നയിച്ചതിന് സമാനമായി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ മോശമാക്കാൻ കോൺഗ്രസ് ടൂൾകിറ്റുണ്ടാക്കിയെന്ന ബിജെപി വക്താവിന്‍റെ ആരോപണം വ്യാജമെന്ന് അടയാളപ്പെടുത്തി ട്വിറ്റർ. ഈ ആരോപണമുന്നയിച്ച് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണമഴിച്ചുവിട്ട ബിജെപിക്ക് വലിയ തിരിച്ചടിയാണ് ട്വിറ്ററിന്‍റെ ഈ നടപടി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സർക്കാരിന്‍റെയും പ്രതിച്ഛായ മോശമാക്കാൻ കോൺഗ്രസ് ടൂൾകിറ്റ് ഉണ്ടാക്കി എന്ന ആരോപണമുന്നയിച്ചുള്ള ബിജെപി വക്താവ് സംബിത് പാത്രയുടെ ട്വീറ്റാണ് വ്യാജരേഖയാണെന്ന് ട്വിറ്റർ അടയാളപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസിന്‍റെ ലെറ്റർഹെഡിലുള്ള ഒരു പ്രസ്താവനയുടെ ചിത്രമാണ് സംബിത് പാത്ര ട്വിറ്ററിൽ പങ്കുവച്ചത്. ഈ പ്രസ്താവന വ്യാജമായി നിർമിച്ചതാണെന്ന് നിരവധി ഫാക്ട് ചെക്ക് വെബ്സൈറ്റുകൾ നേരത്തേ തന്നെ കണ്ടെത്തി റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു.
എന്താണ് ടൂൾകിറ്റ്?
ഇന്ത്യയിൽ ടൂൾകിറ്റ് എന്ന വാക്ക് വിവാദമാകാൻ പ്രധാനകാരണം, ഈ വർഷം ഫെബ്രുവരി 2-ാം തീയതി, പ്രസിദ്ധ പരിസ്ഥിതിപ്രവർത്തകയായ ഗ്രെറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവച്ച ഒരു ഡോക്യുമെന്‍റാണ്. രാജ്യത്തെ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഗ്രെറ്റ പങ്കുവച്ച ഈ ഡോക്യുമെന്‍റ് ഒരു ടൂൾകിറ്റായിരുന്നു.
എന്താണ് ഒരു ടൂൾകിറ്റ്? പുതിയ കാലത്ത്, സമൂഹമാധ്യമങ്ങൾ വഴി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വഴിയാണ് ടൂൾകിറ്റുകൾ. എന്തിനാണ് സമരം ചെയ്യുന്നതെന്നും, എന്താണ് സമരത്തിന്‍റെ കാരണങ്ങളെന്നതും, എങ്ങനെ സമരം ചെയ്യാമെന്നതിന്‍റെ വഴികളും നിരവധി ആളുകളിലേക്ക് എത്തിക്കാനായി ഡിജിറ്റലായി തയ്യാറാക്കുന്ന രേഖകളാണ് ടൂൾകിറ്റുകൾ. ഡിജിറ്റൽ പോസ്റ്ററുകളും, പ്രചാരണരേഖകളും ടൂൾകിറ്റിലുൾപ്പെടും.
2011-ൽ ഒക്യുപൈ വാൾസ്ട്രീറ്റ് പ്രക്ഷോഭകാലത്തും,2019-ലെ ഹോങ്കോങ് പ്രക്ഷോഭകാലത്തും സമരക്കാരെ സംഘടിപ്പിക്കാൻ വ്യാപകമായി ടൂൾകിറ്റുകൾ ഉപയോഗിക്കപ്പെട്ടിരുന്നു.
രാജ്യത്ത് ആളിപ്പടർന്ന കർഷകപ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂൾകിറ്റിൽ സമരം ചെയ്യുന്നതിനുള്ള ചില വഴികൾ അക്രമം പ്രോത്സാഹിപ്പിക്കുന്നതായിരുന്നുവെന്ന് കാണിച്ചാണ് ദില്ലി പൊലീസ് ആദ്യം കേസ് റജിസ്റ്റർ ചെയ്യുന്നത്. ആദ്യം പുറത്തുവന്ന ട്വീറ്റ് ഗ്രെറ്റ ഡിലീറ്റ് ചെയ്യുകയും പിന്നീട് ഇത് മാറ്റി രണ്ടാമത് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. വിവാദമായ ആദ്യ ടൂൾകിറ്റ് ഇന്ത്യയിൽ നിന്ന് ഗ്രെറ്റയുടെ ടീമിന് തയ്യാറാക്കി നൽകിയെന്നാരോപിച്ച്, ദിഷ രവി, നികിത ജേക്കബ്, ശന്തനു മുളുക് എന്നീ സന്നദ്ധപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
സമാനമായ അത്തരമൊരു നടപടിക്ക് ആഹ്വാനം നൽകിക്കൊണ്ട് കോൺഗ്രസ് ടൂൾകിറ്റ് തയ്യാറാക്കിയെന്നാരോപിച്ചാണ് ബിജെപി വക്താവ് സംബിത് പാത്ര ഒരു ചിത്രം മെയ് 18-ന് ട്വീറ്റ് ചെയ്യുന്നത്. കോൺഗ്രസിന്‍റെ ലെറ്റർ ഹെഡിലുള്ള ഒരു ഡോക്യുമെന്‍റിന്‍റെ ഭാഗമാണ് ട്വീറ്റ് ചെയ്തത്. പിന്നീട് ഇത് തയ്യാറാക്കിയത് കോൺഗ്രസ് പ്രവർത്തകയായ സൗമ്യ വർമയാണെന്നും സംബിത് പാത്ര ആരോപിക്കുന്നു.
ട്വിറ്ററിൽ വ്യാജരേഖ പുറത്തുവിട്ടാൽ എന്ത് സംഭവിക്കും?
ട്വിറ്റർ അതിന്‍റെ പോളിസി പേജിൽ പറയുന്നതിങ്ങനെ: ''ഒരു വിവരത്തെ (ഓഡിയോ, വീഡിയോ, ഇമേജ്) ഏതെങ്കിലും തരത്തിൽ തെറ്റായി ചിത്രീകരിക്കുകയോ വ്യാജമായി നിർമിക്കുകയോ ചെയ്യുന്ന ട്വീറ്റുകളെ ലേബൽ ചെയ്യുന്നതാണ്. ഏതെങ്കിലും തരത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച്, അക്രമമുൾപ്പടെ നടത്താൻ ആഹ്വാനം ചെയ്യുന്ന തരത്തിൽ ട്വീറ്റുകൾ പ്രസിദ്ധീകരിച്ചാൽ അതിനെതിരെ കൃത്യമായ നടപടിയുണ്ടാകും''.
സമാനമായ രീതിയിൽ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വ്യാജവിവരങ്ങൾ പുറത്തുവിട്ടതിന് ട്വിറ്റർ പല തവണ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പല തവണ ട്രംപിന്‍റെ ട്വീറ്റുകൾ വ്യാജരേഖകളാണെന്ന് ട്വിറ്ററിന് ലേബൽ ചെയ്യേണ്ടി വന്നു. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും, സമാനമായ നടപടികൾ തുടർന്നപ്പോഴാണ് ട്രംപിനെ ട്വിറ്റർ സ്വന്തം പ്ലാറ്റ്‍ഫോമിൽ നിന്ന് വിലക്കിയത്.
കോൺഗ്രസ് ടൂൾകിറ്റ് - വാസ്തവമെന്ത്?
കോണ്‍ഗ്രസിന്‍റേത് എന്ന പേരില്‍ ബിജെപി പുറത്തുവിട്ട ടൂള്‍കിറ്റില്‍ പറയുന്നത് ഇങ്ങനെ: കൊവിഡിന്‍റെ പുതിയ വകഭേദത്തിന് ഇന്ത്യന്‍ വകഭേദം എന്ന് തന്നെ ഉപയോഗിക്കണം, സാമൂഹിക മാധ്യമങ്ങളില്‍ മോദി വകഭേദം എന്നും പ്രയോഗിക്കാം. സെന്‍ട്രല്‍ വിസ്ത പദ്ധതി മോദിയുടെ സ്വകാര്യ വസതിയായി ചര്‍ച്ചകളില്‍ അവതരിപ്പിക്കണം. പിഎം കെയർ ഫണ്ടിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തണം. കുംഭമേളയെ കൊവിഡ് വ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുമ്പോൾ ഈദ് ഗാഹുകളെ ഒത്തുചേരലുകള്‍ മാത്രമായും അവതരിപ്പിക്കണം തുടങ്ങിയവയാണ് ടൂള്‍കിറ്റിലുള്ളത്. കോണ്‍ഗ്രസിന്‍റെ പ്രചാരണ തന്ത്രമാണ് ടൂള്‍കിറ്റിലൂടെ പുറത്തുവന്നതെന്നാണ് ബിജെപി ആരോപിച്ചത്. #CongressToolKitExposed എന്ന ഹാഷ് ടാഗ് ഉപയോഗിച്ചത് ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, ഹർദീപ് സിംഗ് പുരി, കിരൺ റിജ്ജു, അനുരാഗ് ഥാക്കൂർ എന്നിവരും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്തും അടക്കമുള്ളവരും, നിരവധി ബിജെപി എംപിമാരുമടക്കം നൂറ് കണക്കിന് പ്രമുഖ പ്രൊഫൈലുകളാണ്.
എന്നാൽ സെൻട്രൽ വിസ്ത പദ്ധതിയെക്കുറിച്ച് തയ്യാറാക്കിയ ടൂൾകിറ്റിലെ ഉള്ളടക്കം എഡിറ്റ് ചെയ്ത് മാറ്റി വ്യാജ ഉള്ളടക്കം ചേർത്ത ചിത്രങ്ങളാണ് ബിജെപി പ്രചരിപ്പിക്കുന്നതെന്നും, ഇത് ഷെയർ ചെയ്ത ബിജെപി അധ്യക്ഷനടക്കം എതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതടക്കം കാണിച്ച്, കോൺഗ്രസ് ട്വിറ്ററിനും പരാതി നൽകി. ഈ പരാതിയിലാണ് വസ്തുതകൾ പരിശോധിച്ച്, ബിജെപി വക്താവ് പ്രചരിപ്പിച്ചത് വ്യാജരേഖയാണെന്ന് ട്വിറ്റർ ഇപ്പോൾ അടയാളപ്പെടുത്തിയിരിക്കുന്നത്.